മോദിയെ കണ്ട്​ എൻ.സി.പി അധ്യക്ഷൻ ശരദ്​ പവാർ; കൂടിക്കാഴ്ച നീണ്ടത്​ 50 മിനിറ്റ്​

ന്യൂഡൽഹി: നാഷനലിസ്റ്റ്​ കോൺഗ്രസ്​ പാർട്ടി (എൻ.സി.പി) അധ്യക്ഷനും രാജ്യസഭാംഗവുമായ ശരദ്​ പവാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച 50 മിനിറ്റ്​ നേരം നീണ്ടതായി റിപ്പോർട്ടുകൾ പറയുന്നു. വാർത്ത പ്രധാനമന്ത്രിയുടെ ഓഫീസും സ്​ഥിരീകരിച്ചു.

ദേശീയതാൽപര്യം മുൻനിർത്തിയുള്ള കാര്യങ്ങളാണ് സംസാരിച്ചതെന്ന് കൂടിക്കാഴ്ചക്ക് ശേഷം പവാർ വ്യക്തമാക്കി. 

മഹാരാഷ്​ട്രയിലെ മുതിർന്ന രാഷ്​ട്രീയ നേതാവ്​ രാഷ്​ട്രപതി പദത്തിലേക്ക്​ വരുന്നതായി തെരഞ്ഞെടുപ്പ്​ വിദഗ്​ധൻ പ്രശാന്ത്​ കിഷോർ ആരോപണമുന്നയിച്ചതിന്​ പിന്നാലെയാണ്​ കൂടിക്കാഴ്ചയെന്നത്​ ശ്രദ്ധേയമാണ്​. പ്രധാനമന്ത്രി മന്ത്രിസഭ പുനഃസംഘടന നടത്തുംമുമ്പ്​ ശരദ്​ പവാർ 'സഹകരണ മന്ത്രി' പദം വേണമെന്ന്​ ആവശ്യമുന്നയിച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ശിവസേന, കോൺഗ്രസ്​ കക്ഷികൾക്കൊപ്പം മഹാരാഷ്​ട്രയിൽ മഹാ വികാസ്​ അഘാഡിയിൽ അംഗമാണ്​ ശരദ്​ പവാറിന്‍റെ എൻ.സി.പിയും. 

ആഴ്ചകൾക്ക് മുമ്പ് എട്ട് പ്രതിപക്ഷ പാർട്ടി നേതാക്കൾ ശരദ് പവാറിന്‍റെ ഡൽഹിയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര സർക്കാറിനെതിരായ പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നതിന്‍റെ സൂചനയായി ഇത് വിലയിരുത്തപ്പെട്ടെങ്കിലും, രാഷ്ട്രീയപരമായിരുന്നില്ല കൂടിക്കാഴ്ചയെന്നാണ് പങ്കെടുത്തവർ പറഞ്ഞത്. കോൺഗ്രസ് ഈ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. 

പ്രതിപക്ഷ  ഐക്യം രൂപപ്പെടുത്താൻ ശരദ് പവാർ നേതൃത്വം നൽകുമോയെന്ന ചോദ്യം ഉയരുന്ന സാഹചര്യത്തിൽ കൂടിയാണ് മോദിയുമായുള്ള കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. 

Tags:    
News Summary - PM Modi, Sharad Pawar Meet For Nearly 50 Minutes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.