ഋഷി സുനകിനെ അഭിനന്ദിച്ച് മോദി: 'ആഗോള പ്രശ്‌നങ്ങൾക്ക് ഒരുമിച്ച് പരിഹാരം കാണാം'

ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജനായ ഋഷി സുനകിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ആഗോള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും ഇന്ത്യ -യു.കെ സംയുക്ത പദ്ധതിയായ റോഡ് മാപ്പ് 2030 നടപ്പാക്കാനും ഒരുമിച്ച് പ്രവൃത്തിക്കാമെന്ന് പ്രധാനമരന്തി പറഞ്ഞു. യു.കെയിലെ ഇന്ത്യൻ പൗരന്മാർക്ക് പ്രധാനമന്ത്രി ദീപാവലി ആശംസകളും അറിയിച്ചു.

പഞ്ചാബില്‍ വേരുകളുള്ള നാല്‍പ്പത്തിരണ്ടുകാരനാണ് ഋഷി സുനക്. യശ് വീര്‍- ഉഷാ സുനക് ദമ്പതികളുടെ മകനായി സതാംപ്ടണിലാണ് 1980 മെയ് 12ന് ഋഷി സുനക് ജനിച്ചത്. ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിലാണ് സുനകിന്റെ കുടുംബവേര്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടേയും എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാമൂര്‍ത്തിയുടേയും മകളായ അക്ഷതാ മൂര്‍ത്തിയാണ് സുനാകിന്റെ ജീവിതപങ്കാളി. 2009 ഓഗസ്റ്റ് 13-ന് ബെംഗളൂരുവിലെ ലീലാ പാലസ് ഹോട്ടലിലായിരുന്നു വിവാഹം. കൃഷ്ണ, അനൗഷ്‌ക എന്നുപേരുള്ള രണ്ടു പെണ്‍കുട്ടികളാണ് ഇവര്‍ക്ക്.

1960-കളിലാണ് സുനകിന്റെ കുടുംബം ആഫ്രിക്കയിലേക്കും അവിടെ നിന്ന് ബ്രിട്ടനിലേക്കും കുടിയേറിയത്. ഓക്‌സ്‌ഫോര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലകളിലായിരുന്നു സുനാകിന്റെ പഠനം. സ്വകാര്യ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ അനലിസ്റ്റായും ഹെഡ്ജ് ഫണ്ട് സ്ഥാപനമായ ചില്‍ഡ്രന്‍സ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മാനേജ്‌മെന്റിലും ജോലി നോക്കി. പിന്നീട് ഈ സ്ഥാപനത്തിന്റെ പാര്‍ട്ണറുമായി. നാരായണമൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള കറ്റാമരന്‍ വെഞ്ച്വേഴ്‌സില്‍ ഡയറക്ടറുമായിരുന്നു അദ്ദേഹം.

നേരത്തെ, പ്രധാനമന്ത്രി സ്ഥാനത്തേക്ക് വിദേശകാര്യമന്ത്രി ലിസ് ട്രസിനോടായിരുന്നു ഋഷി ഏറ്റുമുട്ടിയത്. നേരത്തെ ധനമന്ത്രിസ്ഥാനം വഹിച്ചിരുന്ന ഋഷി മത്സരത്തിൽ വിജയമുറപ്പിച്ചതായിരുന്നു. എന്നാല്‍, പ്രചാരണം അവസാന റൗണ്ടിലേക്കെത്തിയപ്പോള്‍ ലിസ് ട്രസ് മുന്നിലെത്തി. സാമ്പത്തികനയത്തിലെ പരാജയം ഏറ്റുപറഞ്ഞ് നാല്‍പത്തിയഞ്ചാം ദിവസം ലിസ് ട്രസ് രാജിവെച്ചപ്പോള്‍, കൈയ്യെത്തും ദൂരത്തു നിന്ന് അകന്നുപോയ പ്രധാനമന്ത്രി പദമാണ് ഋഷിയെ തേടിയെത്തുന്നത്.

Tags:    
News Summary - PM Modi congratulates Rishi Sunak on becoming UK Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.