പത്തനംതിട്ട: അഹ്മദാബാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ട പത്തനംതിട്ട പുല്ലാട് കുറങ്ങഴക്കാവ് കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ആർ. നായരുടെ (39) ഡി.എൻ.എ ഫലത്തിനായുള്ള കാത്തിരിപ്പ് തുടരുന്നു. ചൊവ്വാഴ്ച ഫലം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ. ശനിയാഴ്ചയാണ് രഞ്ജിതയുടെ സഹോദരൻ രതീഷിന്റെ രക്തസാമ്പ്ൾ ഡി.എൻ.എ പരിശോധനക്കായി അഹ്മദാബാദ് സിവിൽ ആശുപത്രി അധികൃതർ ശേഖരിച്ചത്. എന്നാൽ, ഇതുവരെയും ഫലമറിയാനായില്ല. ഇതിനുശേഷമാകും മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിലും സംസ്ക്കാര സമയത്തിലും തീരുമാനമാകുക. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ സാഹചര്യത്തിലാണ് ഡി.എൻ.എ പരിശോധന.
തിങ്കളാഴ്ച ഫലം അറിയാനാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ലഭിച്ചില്ല. സഹോദരൻ രതീഷും ബന്ധു ഉണ്ണികൃഷ്ണനും അഹ്മദാബാദിൽ തന്നെ തുടരുകയാണ്. രഞ്ജിതയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായി തിങ്കളാഴ്ചയും നിരവധിപേർ പുല്ലാട്ടെ കുടുംബവീട്ടിലെത്തിയിരുന്നു. മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത ഡോ ജോസഫ് മാർ ബർണബാസ്, അടൂർ ഭദ്രാസനാധിപൻ മാത്യുസ് മാർ സെറാഫിം എപ്പിസ്കോപ്പ, പ്രവാസി സംസ്കൃതി അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജനറൽ സെക്രട്ടറി ബിജു ജേക്കബ് കൈതാരം, അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് സാമുവൽ പ്രക്കാനം, ജില്ല പ്രസിഡൻറ് വർഗീസ് മാത്യു, നൗഷാദ് റാവുത്തർ വെണ്ണിക്കുളം എന്നിവർ വീട്ടിലെത്തി.
അഹ്മദാബാദ്: 270 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ വിമാനാപകടത്തിന് നാല് ദിവസത്തിന് ശേഷം, ഡി.എൻ.എ പരിശോധനയിലൂടെ 99 പേരെ തിരിച്ചറിഞ്ഞു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടേതുൾപ്പെടെ 64 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.
രൂപാണിയുടെ മൃതദേഹം സിറ്റി സിവിൽ ആശുപത്രിയിൽ ഭാര്യ അഞ്ജലി രൂപാണിയും കുടുംബാംഗങ്ങളും ഏറ്റുവാങ്ങി. തിങ്കളാഴ്ച വൈകീട്ട് സ്വദേശമായ രാജ്കോട്ടിൽ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടന്നു. പലരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാത്തവിധം കത്തിക്കരിഞ്ഞതിനാൽ ഡി.എൻ.എ പരിശോധന തുടരുകയാണെന്ന് സിവിൽ സൂപ്രണ്ട് ഡോ. രാകേഷ് ജോഷി പറഞ്ഞു. ഡി.എൻ.എ സാമ്പിളുകൾ ഒത്തുനോക്കുന്നത് സമയമെടുക്കുന്ന പ്രക്രിയയാണെന്നും പരിഭ്രാന്തരാകരുതെന്നും അദ്ദേഹം മരിച്ചവരുടെ ബന്ധുക്കളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.