ന്യൂഡൽഹി: അഹമദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണ് 242 പേർ മരിച്ച് ഏതാനും ആഴ്ചകൾക്ക് ശേഷം അപകടത്തെക്കുറിച്ച് പഠിക്കുന്നതിന് അപകടത്തിൽപ്പെട്ട വിമാനത്തിന്‍റെ അവസാന നിമിഷങ്ങൾ ഫ്ലൈറ്റ് സ്റ്റിമുലേറ്ററിൽ പുനഃസൃഷ്ടിച്ച് പൈലറ്റുമാർ. വിമാനത്തിന്‍റെ ഇരട്ട എൻജിൻ തകരാറിനുള്ള സാധ്യത കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
സ്റ്റിമുലേറ്ററിൽ നടത്തിയ പഠനത്തിൽ ലാൻഡിങ് ഗിയറിനും ചിറകുകൾക്കും തകരാറുണ്ടാകാൻ സാധ്യതയുള്ളതായി കണ്ടെത്തി. എന്നാൽ ഇതു മാത്രമാണ് അപകട കാരണമെന്ന് പറയാനാകില്ലെന്നും പറഞ്ഞു. അപകടത്തിനു തൊട്ടു മുമ്പ് ഒരു എമർജൻസി പവർ ടർബൻ പ്രവർത്തിച്ചിരുന്നുവെന്ന കണ്ടെത്തലാണ് അപകടത്തിന്‍റെ കാരണം സാങ്കേതിക തകരാറാകാമെന്ന നിഗമനത്തിലേക്ക് വഴി വെച്ചത്.
നിലവിലെ സ്റ്റിമുലേറ്ററിൽ അപകടം പുനഃസൃഷ്ടിച്ചു കൊണ്ടുള്ള അന്വേഷണത്തിന് എ.എ.ഐ.ബിയുടെ ഔദ്യോഗിക അന്വേഷണവുമായി ബന്ധമില്ലെന്ന് അന്വേഷണ ഉദ്യാഗസ്ഥൻ അറിയിച്ചു. എ.എ.ഐ.ബിയുടെ അന്വേഷണത്തെക്കുറിച്ച് നിലവിൽ ഒന്നും പറയാനാകില്ലെന്നും അവർ പ്രതികരിച്ചു. രണ്ട് എൻജിനുകൾ ഒരേ സമയം എങ്ങനെ പ്രവർത്തന രഹിതമായി എന്നതിന്‍റെ ഉത്തരം ഇപ്പോഴും അവ്യക്തമാണ്. അപകടത്തിന്‍റെ കാരണമായേക്കാവുന്ന സാധ്യതകളെക്കുറിച്ചുള്ള അന്വേഷണത്തിൽ വിവിധ തലങ്ങളിൽ ഏറ്റവും കൂടുതൽ കേന്ദ്രീകരിച്ചിരിക്കുന്നത് സാങ്കേതിക തകരാറിലാണ്.
ഫൂട്ടേജുകൾ പരിശോധിച്ച പൈലറ്റുമാർ ലാൻഡിങ് ഗിയർ ഭാഗികമായി മുന്നോട്ട് ചെരിഞ്ഞിരുന്നതായും കോക്ക് പിറ്റ് ക്രൂ ചക്രങ്ങൾ പിൻവലിക്കാനുള്ള ശ്രമം നടത്തിയതായും നിരീക്ഷിച്ചു. ഹൈഡ്രോളിക് തകരാറോ വൈദ്യുത തകരാറോ എൻജിനിലെ തകരാറിനു കാരണമായിരുന്നിരിക്കാമെന്നും ചില സംശയങ്ങൾ ഉയർത്തി കാണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.