സി.ജെ.പിക്കെതിരായ ഹരജി: അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: തൊഴിലില്ലാത്ത യുവാക്കളെക്കുറിച്ചുള്ള ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശത്തിന് പിന്നാലെ, സമൂഹ മാധ്യമങ്ങളിൽ രൂപംകൊണ്ട ‘കോക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി) എന്ന ആക്ഷേപഹാസ്യ കൂട്ടായ്മക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.

സി.ജെ.പി നീതിന്യായ വ്യവസ്ഥയുടെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കുകയാണെന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു. എന്നാൽ ‘ഇതിനെ അത്ര വൈകാരികമായി എടുക്കേണ്ടതില്ല’ എന്നായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ പ്രതികരണം. സി.ജെ.പിയുമായി ബന്ധമുള്ളവരുടെ വ്യാജ അഭിഭാഷക ബിരുദങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം. സുപ്രീംകോടതിയിലെ വാദപ്രതിവാദങ്ങൾ വാണിജ്യപരമായി ചൂഷണം ചെയ്യുന്നതിനെതിരെ നടപടിയെടുക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.

തൊഴിലില്ലാത്ത യുവ അഭിഭാഷകർ പ്രാക്ടീസ് ഉപേക്ഷിച്ച് സമൂഹ മാധ്യമങ്ങളിലേക്കും വിവരാവകാശ (ആർ.ടി.ഐ) പ്രവർത്തനങ്ങളിലേക്കും തിരിയുകയാണെന്ന് മേയ് 15ന് കോടതി പരാമർശിച്ചിരുന്നു. ഇത്തരം യുവാക്കൾ പാറ്റകളെപ്പോലെ സമൂഹത്തിൽ പരാദങ്ങളായി മാറുന്നു എന്ന ഈ പരാമർശമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇത് വലിയ വിമർശനങ്ങൾക്കും സി.ജെ.പിയുടെ രൂപവത്കരണത്തിനും കാരണമായി.

തന്റെ പരാമർശം യുവാക്കളെ വിമർശിക്കാനാണെന്ന തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകൾ വേദനിപ്പിച്ചെന്നുകാട്ടി മേയ് 16ന് ചീഫ് ജസ്റ്റിസ് വിശദീകരണം നൽകിയിരുന്നു. വ്യാജ ബിരുദം സമ്പാദിച്ച് തട്ടിപ്പിലൂടെ നിയമരംഗത്തേക്ക് കടന്നുവരുന്നവരെയാണ് താൻ ഉദ്ദേശിച്ചതെന്നും, ചില മാധ്യമങ്ങൾ അത് വളച്ചൊടിക്കുകയായിരുന്നു എന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

Tags:    
News Summary - Petition against CJP: Supreme Court refuses to hear urgent hearing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.