ന്യൂഡൽഹി: അൽവറിൽ സംഘ്പരിവാറുകാർ തല്ലിക്കൊന്ന പെഹ്ലുഖാെൻറ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻസഭ പ്രസിഡൻറ് അമ്രാറാം ജന്തർമന്തറിൽ 24 മണിക്കൂർ സത്യഗ്രഹം തുടങ്ങി. കിസാൻസഭ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഹനൻ മുല്ല ഉദ്ഘാടനം ചെയ്തു. പശുക്കളെ യഥാർഥത്തിൽ സംരക്ഷിക്കുന്ന കർഷകരെയാണ് ഹിന്ദുത്വ തീവ്രവാദികൾ ഗോ സംരക്ഷണത്തിെൻറ പേരിൽ ആക്രമിക്കുന്നതെന്ന് ഹനൻമുല്ല പറഞ്ഞു.
ഹരിയാനയിലെ മേവാത് സ്വദേശിയും ക്ഷീരകർഷകനുമായിരുന്ന 55കാരനായ പെഹ്ലുഖാനെ ഏപ്രിൽ ഒന്നിന് രാജസ്ഥാനിലെ അൽവറിൽെവച്ചാണ് വി.എച്ച്.പി-ആർ.എസ്.എസ്-ബജ്റംഗ്ദൾ പ്രവർത്തകർ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയത്. ജയ്പുർ നഗരസഭ ചന്തയിൽനിന്ന് വളർത്താനായി പശുവിനെ വാങ്ങിമടങ്ങവെ, ഗോരക്ഷകർ തല്ലിക്കൊല്ലുകയായിരുന്നു. കേസിലെ യഥാർഥ പ്രതികളെ ഇതുവരെ അറസ്റ്റുചെയ്തിട്ടില്ല. അതേസമയം, പെഹ്ലുഖാനും മക്കൾക്കുമെതിരെ പശുവിനെ കടത്തിയെന്ന പേരിൽ കള്ളക്കേസ് എടുത്തിട്ടുമുണ്ട്.
പെഹ്ലുഖാെൻറ കുടുംബത്തിന് രാജസ്ഥാൻ സർക്കാർ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക, ആക്രമണത്തിൽ പരിക്കേറ്റവർക്ക് ഹരിയാന സർക്കാർ സൗജന്യ ചികിത്സ ഉറപ്പാക്കുക, കൊലക്കേസിൽ യഥാർഥ പ്രതികളെ അറസ്റ്റ്ചെയ്യുക, കള്ളക്കേസുകൾ പിൻവലിക്കുക, കന്നുകാലികളെ വിൽക്കാൻ കർഷകർക്കുള്ള പരമ്പരാഗത അവകാശം സംരക്ഷിക്കുകഎന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യഗ്രഹം.
ചൊവ്വാഴ്ച ഉച്ചക്ക് ആരംഭിച്ച സത്യഗ്രഹം ബുധനാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.