ഹൈദരാബാദ്: ശംഷാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എബോള ബാധയെന്ന് സംശയിക്കുന്ന കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വ്യാഴാഴ്ച (ജൂൺ 4) പുലർച്ചെ എത്യോപ്യയിൽ നിന്നെത്തിയ യാത്രക്കാരനിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് ഇയാളെ ഉടൻ തന്നെ ഐസൊലേഷനിലേക്ക് മാറ്റി.
വിമാനത്താവളത്തിലെ പതിവ് തെർമൽ സ്‌ക്രീനിങ്ങിനിടെയാണ് യാത്രക്കാരന് കടുത്ത പനിയുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ അടുത്തിടെ എബോള വ്യാപന സാധ്യതയുള്ള ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിരുന്നതായി അധികൃതർ സ്ഥിരീകരിച്ചു. ഇതോടെ എബോള പ്രതിരോധത്തിനായുള്ള പ്രത്യേക പ്രോട്ടോക്കോൾ വിമാനത്താവളത്തിൽ അടിയന്തരമായി നടപ്പിലാക്കുകയായിരുന്നു.
വിമാനമിറങ്ങി ഒരു മണിക്കൂറിനുള്ളിൽ തന്നെ അതീവ സുരക്ഷാ മുൻകരുതലുകളോടെ യാത്രക്കാരനെ ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനക്കായി പൂണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എൻ.ഐ.വി) അയച്ചിട്ടുണ്ട്. പരിശോധനാ ഫലം പുറത്തുവന്നതിനു ശേഷമേ രോഗബാധ സ്ഥിരീകരിക്കാനാകൂ എന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
രോഗലക്ഷണങ്ങൾ കണ്ട യാത്രക്കാരൻ എത്തിയ വിമാനത്തിൽ അധികം ആളുകൾ ഉണ്ടായിരുന്നില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. എങ്കിലും മുൻകരുതലിന്റെ ഭാഗമായി വിമാനത്തിലുണ്ടായിരുന്ന മറ്റ് സഹയാത്രികരുടെ വിവരങ്ങൾ ശേഖരിക്കുകയും അവരെ കർശനമായ നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്.
'നിലവിൽ ഇതൊരു സംശയാസ്പദമായ കേസ് മാത്രമാണ്. യാത്രക്കാരന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനിയുണ്ടായിരുന്നു. കൂടാതെ രോഗസാധ്യതയുള്ള രാജ്യങ്ങളിലെ യാത്രാ പശ്ചാത്തലവും ഉള്ളതിനാലാണ് സ്റ്റാൻഡേർഡ് സ്ക്രീനിങ് പ്രോട്ടോക്കോൾ പ്രകാരം ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയത്. ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്' -ഹൈദരാബാദ് എയർപോർട്ട് ഹെൽത്ത് ഓഫീസർ അറിയിച്ചു. അതേസമയം, സുരക്ഷാ കാരണങ്ങളാൽ യാത്രക്കാരന്റെ മറ്റ് വ്യക്തിഗത വിവരങ്ങളോ വിമാനത്തിന്റെ വിശദാംശങ്ങളോ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല.
എബോള വൈറസ് മൂലമുണ്ടാകുന്ന, വായുവിലൂടെയല്ലാതെ ശരീരസ്രവങ്ങളിലൂടെ പകരുന്ന ഒരു രോഗമാണിത്. കടുത്ത പനി, പേശി വേദന, ഛർദ്ദി, വയറിളക്കം, ആന്തരികവും ബാഹ്യവുമായ രക്തസ്രാവം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്. രോഗബാധയേറ്റ ആളുകളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് ഇത് പകരുന്നത് എന്നതിനാൽ വിമാനത്താവളങ്ങളിൽ കടുത്ത നിരീക്ഷണമാണ് ഏർപ്പെടുത്താറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.