ഒ.ബി.സി മേല്‍ത്തട്ട് പരിധി എടുത്തുകളയണമെന്ന് പാര്‍ലമെന്‍റ് സമിതി

ന്യൂഡല്‍ഹി: ഒ.ബി.സി സംവരണത്തിനുള്ള മേല്‍ത്തട്ട് പരിധി എടുത്തുകളയണമെന്ന നിര്‍ദേശവുമായി പിന്നാക്ക ക്ഷേമ പാര്‍ലമെന്‍റ് സമിതി. ധനം, സാമൂഹിക ക്ഷേമം എന്നീ മന്ത്രാലയ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ബി.ജെ.പി എം.പി ഗണേഷ് സിങ്ങിന്‍െറ നേതൃത്വത്തിലുള്ള സമിതി ഈ ആവശ്യം മുന്നോട്ടുവെച്ചത്. ഡിസംബര്‍ അഞ്ചിന് പുന$സംഘടിപ്പിച്ച സമിതി, സര്‍ക്കാറിന് സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് തയാറാക്കുന്നതിന്‍െറ ഭാഗമായാണ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയത്.  

ഒ.ബി.സി സംവരണത്തിനുള്ള മേല്‍ത്തട്ട് പരിധി നിലവില്‍ വാര്‍ഷിക വരുമാനം ആറുലക്ഷം രൂപയാണ്. ഇത് 12 ലക്ഷമായി ഉയര്‍ത്തണമെന്ന് നേരത്തേ പാര്‍ലമെന്‍റ് സമിതി ശിപാര്‍ശ ചെയ്തിരുന്നുവെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചില്ല. സംവരണം സാമ്പത്തികം പരിഗണിച്ചല്ല, മറിച്ച് പ്രസ്തുത സമുദായത്തിന്‍െറ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ പരിഗണിച്ചായിരിക്കണമെന്ന് സമിതി അധ്യക്ഷന്‍ ബി.ജെ.പി ലോക്സഭാംഗം ഗണേഷ് സിങ് പറഞ്ഞു. സമിതി അംഗങ്ങളായ കോണ്‍ഗ്രസ്, ടി.എം.സി എം.പിമാരും ഇതിനോട് യോജിച്ചു. പാര്‍ലമെന്‍റിന് മുമ്പാകെ വെക്കുന്ന സമിതിയുടെ റിപ്പോര്‍ട്ടില്‍ മേല്‍ത്തട്ട് എടുത്തുകളയുന്നതിനുള്ള ശിപാര്‍ശ ഉള്‍പ്പെടുത്താനും ധാരണയായി.
 

ഒ.ബി.സി വിഭാഗങ്ങളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദേശീയ പിന്നാക്ക വിഭാഗ കമീഷന് (എന്‍.സി.ബി.സി)  ഭരണഘടന പദവി നല്‍കണമെന്ന നിര്‍ദേശം സര്‍ക്കാറിന് മുന്നില്‍ വെക്കാനും തീരുമാനമായി. ഭരണഘടന പദവി ലഭിക്കുന്നതോടെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശലംഘനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ ഫലപ്രദമായ ഇടപെടലിനുള്ള അധികാരം ലഭിക്കുമെന്നും സമിതി ചൂണ്ടിക്കാട്ടി. 

Tags:    
News Summary - parlimenatry group discussion on obc reservation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.