ന്യൂഡൽഹി: നിയമസഭയിലും ലോക്സഭയിലും 33 ശതമാനം വനിതാ സംവരണത്തിനുള്ള ബിൽ പാസാക്കാൻ പാർലമെന്റ് ബജറ്റ് സമ്മേളനം നീട്ടി. രണ്ടാഴ്ചത്തെ ഇടവേളക്കുശേഷം ഏപ്രിൽ 16ന് വീണ്ടും ചേരുമെന്നും ഇനിയുള്ള ദിവസങ്ങളിൽ ചോദ്യോത്തര വേളയും ശൂന്യവേളയുമുണ്ടായിരിക്കില്ലെന്നും സ്പീക്കർ ഓം ബിർള ലോക്സഭയിൽ അറിയിച്ചു. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ് ഈമാസം 29ന് ശേഷം വീണ്ടും ചേർന്നാൽ മതിയെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് വനിതാ ബിൽ പാസാക്കാനായി 16ന് തന്നെ ചേരുന്നത്. ഇതോടെ ബജറ്റ് സമ്മേളനത്തിന് ചരിത്രത്തിൽ ആദ്യമായി മൂന്ന് പാദമായി.
വനിതാ ബിൽ പാസാക്കാനായി 16,17,18 തീയതികളിൽ സഭ സമ്മേളിക്കുമെന്ന് വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു. നേരത്തെ അറിയിച്ച പോലെ വ്യാഴാഴ്ച ബജറ്റ് സമ്മേളനം അവസാനിപ്പിച്ച് ഇരുസഭകളും പിരിയുന്നില്ലെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു രാവിലെ രാജ്യസഭയിൽ അറിയിച്ചിരുന്നു. ബജറ്റ് സമ്മേളനം അവസാനിപ്പിക്കാതെ ഉടൻ വീണ്ടും ചേരുമെന്ന് റിജിജു തുടർന്നു. എന്നാൽ, പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് കഴിയണമെന്ന് കാര്യോപദേശക സമിതി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടതാണെന്ന് ജയ്റാം രമേശ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ള എം.പിമാർക്ക് ഇതിൽ പങ്കാളികളാകാൻ പറ്റില്ലെന്ന കാരണമാണ് ജയ്റാം രമേശ് ചൂണ്ടിക്കാട്ടിയത്. എന്നാൽ, രാജ്യത്തെ വനിതകളോടുള്ള വാഗ്ദാനം സർക്കാറിന് പാലിക്കേണ്ടതുണ്ട് എന്നായിരുന്നു റിജിജുവിന്റെ മറുപടി.
വനിതകൾക്കുള്ള സംവരണത്തെ കോൺഗ്രസ് അനുകൂലിക്കുന്നുവെന്ന് പറഞ്ഞ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ നിർദിഷ്ട ബിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണെന്ന് ഓർമിപ്പിച്ചു. തെരഞ്ഞെടുപ്പ് വേളയിൽ ബിൽ കൊണ്ടുവന്ന് രാഷ്ട്രീയ മൈലേജ് ഉണ്ടാക്കാൻ സർക്കാർ നോക്കുകയാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.