ന്യൂഡൽഹി: എല്ലാതരം ആളുകളുടെയും ശബ്ദം കേൾക്കേണ്ട ഇടമായ പാർലമെന്റിൽനിന്ന് ചില ശബ്ദങ്ങളെ പുറത്താക്കുന്നതിൽ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. അനിശ്ചിതകാലത്തേക്കുള്ള രാഘവ് ഛദ്ദയുടെ രാജ്യസഭ സസ്പെൻഷൻ ജനപ്രാതിനിധ്യവുമായി ബന്ധപ്പെട്ട വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചത്. സഭാ നടപടി തടസ്സപ്പെടുത്തിയാൽ ആ സമ്മേളനം കഴിയും വരെ മാത്രമാണ് സസ്പെൻഷൻ എന്ന് ഓർമിപ്പിച്ച സുപ്രീംകോടതി എം.പിമാരുടെ സമ്മതമില്ലാതെ പ്രമേയത്തിൽ അവരുടെ പേര് ചേർത്ത രാഘവ് ഛദ്ദയുടെ പ്രവൃത്തി അതിനേക്കാൾ മോശമാണോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. അംഗങ്ങളോട് സമ്മതം ചോദിച്ചില്ലെന്നതുമാത്രമാണ് ഛദ്ദ ചെയ്ത തെറ്റ്. അതിന് നൽകിയ ശിക്ഷ ചെയ്ത തെറ്റിന് ആനുപാതികമാണോ എന്ന് നോക്കണം.
രാജ്യസഭയുടെ 256, 257 എന്നീ ചട്ടങ്ങൾ ചെയർമാന് ഒരു അംഗത്തെ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്യാനുള്ള അധികാരം നൽകുന്നില്ല എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. രാഘവ് ഛദ്ദ മാപ്പു പറഞ്ഞാൽ രാജ്യസഭാ ചെയർമാൻ സസ്പെൻഷൻ പിൻവലിക്കുമോ എന്ന ചോദ്യത്തിന് സഭ ഐകകണ്ഠ്യേന പാസാക്കിയ പ്രമേയത്തിൽ ചെയർമാനായിട്ട് ഒന്നും ചെയ്യാനില്ലെന്നായിരുന്നു അറ്റോണി ജനറലിന്റെ മറുപടി. വർഷകാല സമ്മേളനത്തിനിടെ ആഗസ്റ്റ് 11ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഘവ് ഛദ്ദയുടെ കാര്യത്തിൽ 75 ദിവസമായിട്ടും നടപടിയില്ല. തന്റെ മണ്ഡലത്തെ പ്രതിനിധാനംചെയ്യാനുള്ള എം.പിയുടെ അവകാശമാണ് സസ്പെൻഷനിലൂടെ ഹനിക്കപ്പെടുന്നത്. അനിശ്ചിത കാലത്തേക്കുള്ള സസ്പെൻഷൻ മാത്രമാണ് തങ്ങൾക്ക് മുമ്പിലുള്ള ചോദ്യമെന്ന് കോടതി ഒരിക്കൽകൂടി അറ്റോണി ജനറലിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.