പ്രതീകാത്മക ചിത്രം

'ഇ-പാൻ കാർഡ്' ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലഭിച്ചോ? സൂക്ഷിക്കുക! വമ്പൻ തട്ടിപ്പ് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സാമ്പത്തിക ഇടപാട്ടുകൾ എളുപ്പമാക്കുന്നതിനും സുരക്ഷിതമാക്കുന്നതിനുമുള്ള പാൻ കാർഡിന്റെ ഡിജിറ്റൽ വകഭേദമായ ഇ-പാൻ (e-PAN) കാർഡ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് ലഭിക്കുന്ന ഇമെയിലുകളോട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി) ഫാക്ട് ചെക്ക് വിഭാഗം മുന്നറിയിപ്പ് നൽകി. ഇത്തരം സന്ദേശങ്ങൾ പൂർണ്ണമായും വ്യാജമാണെന്നും, സൈബർ തട്ടിപ്പുകാർ ആളുകളുടെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്നും അധികൃതർ വ്യക്തമാക്കി.

സൈബർ കുറ്റവാളികൾ ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക ആശയവിനിമയമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ വ്യാജ ഇമെയിലുകൾ അയക്കുന്നു. ഈ ഇമെയിലുകളിൽ ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യാനായി ഒരു ലിങ്ക് നൽകിയിട്ടുണ്ടാകും. ഉപയോക്താക്കൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ അവരുടെ ബാങ്ക് വിവരങ്ങൾ, പാസ്‌വേഡുകൾ, മറ്റ് സാമ്പത്തിക രേഖകൾ എന്നിവ തട്ടിപ്പുകാർക്ക് ചോർത്താൻ സാധിക്കും. അതിനാൽ സംശയാസ്പദമായ ഇമെയിലുകളിൽ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അറ്റാച്ച്മെന്റുകൾ തുറക്കുകയോ ചെയ്യരുതെന്ന് പി.ഐ.ബി നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

ആദായനികുതി വകുപ്പ് ഒരിക്കലും ഇമെയിൽ വഴി പിൻ (PIN) നമ്പറുകളോ പാസ്‌വേഡുകളോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടാറില്ല. ഇത്തരം സന്ദേശങ്ങളിലെ ലിങ്കുകൾ കോപ്പി ചെയ്ത് ബ്രൗസറിൽ പേസ്റ്റ് ചെയ്യുന്നതും ഒഴിവാക്കുക. നിങ്ങളുടെ കമ്പ്യൂട്ടറിലും സ്മാർട്ട്ഫോണിലും എപ്പോഴും അപ്‌ഡേറ്റ് ചെയ്ത ആന്റി-വൈറസ്, ആന്റി-സ്പൈവെയർ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാനും കേന്ദ്ര സർക്കാർ പാൻ കാർഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.

നിങ്ങൾക്ക് ഇത്തരത്തിലുള്ള വ്യാജ ഇമെയിലുകൾ ലഭിക്കുകയാണെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക

  • ലഭിച്ച ഇമെയിലിന് മറുപടി നൽകരുത്.
  • ലഭിച്ച സന്ദേശം ഉടൻ തന്നെ webmanager@incometax.gov.in എന്ന വിലാസത്തിലേക്ക് ഫോർവേഡ് ചെയ്യുക. ഇമെയിലിന്റെ ഒരു പകർപ്പ് incident@cert-in.org.in എന്ന വിലാസത്തിലേക്കും അയക്കാവുന്നതാണ്.
  • ഇമെയിലിന്റെ 'ഇന്റർനെറ്റ് ഹെഡർ' (Internet Header) സഹിതം റിപ്പോർട്ട് ചെയ്യുന്നത് അയച്ചയാളെ കണ്ടെത്താൻ സഹായിക്കും.
  • റിപ്പോർട്ട് ചെയ്ത ശേഷം ആ ഇമെയിൽ ഉടൻ തന്നെ ഡിലീറ്റ് ചെയ്യുക.
Tags:    
News Summary - Did you get the link to download e-PAN card? Beware; Central government warns of huge fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.