ഡൽഹി കലാപ ഗൂഢാലോചനക്കേസ്; ശർജീൽ ഇമാമിന് ജാമ്യം

ന്യൂഡൽഹി: 2020ലെ ഡൽഹി കലാപ ഗൂഢാലോചന കേസിൽ കുറ്റാരോപിതനായ വിദ്യാർഥി നേതാവ് ശർജീൽ ഇമാമിന് ജാമ്യം. സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഡൽഹി കോടതി ശർജീലിന് 10 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. 2020 ജനുവരി മുതൽ ജയിലിലാണ് ശർജീൽ ഇമാം. 2025 സെപ്റ്റംബർ രണ്ടിന് ഡൽഹി ഹൈകോടതി അദ്ദേഹത്തിന് പതിവ് ജാമ്യം നിഷേധിക്കുകയും 2026 ജനുവരി അഞ്ചിന് സുപ്രീം കോടതി ആ തീരുമാനം ശരിവെക്കുകയും ചെയ്തിരുന്നു.

ഈ മാസം നടക്കാനിരിക്കുന്ന വിവാഹത്തിൽ പങ്കെടുക്കാൻ ആറ് ആഴ്ചത്തെ സാവകാശം ആവശ്യപ്പെട്ട് ശർജീൽ ഇമാം ഹരജി സമർപ്പിച്ചിരുന്നു. ഇതു പരിഗണിച്ച അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബജ്‌പായ് മാർച്ച് 20 മുതൽ മാർച്ച് 30 വരെ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. ജാമ്യത്തിലിരിക്കെ മാധ്യമങ്ങളുമായി ബന്ധപ്പെടുകയോ സോഷ്യൽ മീഡിയ ഉപയോഗിക്കുകയോ ചെയ്യരുതെന്നും കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരുമായി മാത്രമേ ഇടപഴകാവൂ എന്നും കോടതി കൂട്ടിച്ചേർത്തു.

ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ശിഫാഉർറഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ശദാബ് അഹ്മദ് അടക്കമുള്ളവർക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. 2020 ഫെബ്രുവരിയിൽ 53 പേർ കൊല്ലപ്പെടുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഡൽഹി കലാപത്തിന്റെ ‘സൂത്രധാരന്മാർ’ ആണെന്ന് ആരോപിച്ച് ഉമർ ഖാലിദ്, ശര്‍ജീല്‍ ഇമാം, മറ്റുള്ളവർ എന്നിവർക്കെതിരെ യു.എ.പി.എ പ്രകാരവും ഐ.പി.സി വകുപ്പുകൾ പ്രകാരവും കേസെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രതിഷേധങ്ങൾക്കിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. 2019 ഡിസംബര്‍ 13ന് ശര്‍ജീല്‍ ഇമാം നടത്തിയ പ്രസംഗം ആക്രമണങ്ങൾക്കു വഴിവെച്ചു എന്നാണ് പൊലീസ് വാദം.

Tags:    
News Summary - Sharjeel Imam granted 10-day interim bail by Delhi court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.