ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് പ്രതിപക്ഷം പോർമുഖം തുറന്ന ലോക്സഭയിൽ പ്രധാനമന്ത്രിക്ക് പ്രസംഗിക്കാനായില്ല. ചൊവ്വാഴ്ച അഞ്ച് മണിക്ക് നടക്കുമെന്ന് പറഞ്ഞിരുന്ന രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചക്കുള്ള പ്രധാനമന്ത്രിയുടെ മറുപടിയാണ് ലോക്സഭ പ്രക്ഷുബ്ധമായതിനെ തുടർന്ന് റദ്ദാക്കേണ്ടി വന്നത്. കോൺഗ്രസ് വനിതാ എം.പിമാർ ഭരണപക്ഷ ബെഞ്ചുകൾക്കിടയിലേക്ക് കടന്നുകയറി പ്രധാനമന്ത്രിയുടെ ഇരിപ്പിടം വളഞ്ഞതോടെ സഭാ നടപടികൾ വ്യാഴാഴ്ചത്തേക്ക് നിർത്തിവെച്ചു.
പ്രതിപക്ഷ നേതാവിനെ നന്ദി പ്രമേയ ചർച്ചയിൽ പ്രസംഗിക്കാൻ അനുവദിക്കാതെ ബുധനാഴ്ചയും ഭരണപക്ഷ അംഗങ്ങളെ പ്രസംഗിക്കാൻ വിളിച്ചതോടെ കോൺഗ്രസ് എം.പിമാരുടെ നേതൃത്വത്തിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. ഇന്ത്യ - യു.എസ് കരാറിനെ തുടർന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ പ്രസ്താവന നടത്തിയ ശേഷമായിരുന്നു ഇത്.
പുസ്തകവും മാഗസിനും ഉദ്ധരിക്കാനാവില്ലെന്ന് രാഹുലിന് നൽകിയ റൂളിങ്ങിന് വിരുദ്ധമായി നിരവധി പുസ്തകങ്ങൾ ഉയർത്തിക്കാട്ടി ബി.ജെ.പി എം.പി നിഷികാന്ത് ദുബെ നെഹ്റു കുടുംബത്തെ അവഹേളിച്ച് സംസാരിച്ചതോടെ പ്രതിഷേധത്താൽ സഭ പ്രക്ഷുബ്ധമാവുകയും അഞ്ചുമണി വരെ നിർത്തിവെക്കുകയും ചെയ്തു. തുടർന്ന് സ്പീക്കറുടെ മുറിയിലേക്ക് കയറിച്ചെന്ന കോൺഗ്രസ് എം.പിമാർ നിഷികാന്ത് ദുബെയെ സസ്പെൻഡ് ചെയ്യാതെയും രാഹുൽ ഗാന്ധിയെ പ്രസംഗിപ്പിക്കാതെയും പ്രധാനമന്ത്രിയെ മറുപടി പറയാൻ അനുവദിക്കില്ലെന്ന് ഓം ബിർളയോട് പറഞ്ഞു.
എന്ത് നിലക്കും അഞ്ച് മണിക്ക് പ്രധാനമന്ത്രിയുടെ പ്രസംഗം തടയാൻ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വനിതാ എം.പിമാർ പ്രത്യേകം തീരുമാനിച്ചതോടെ പ്രധാനമന്ത്രി സഭയിലെത്തിയില്ല. പകരം ബി.ജെ.പി എം.പിയെ സംസാരിക്കാൻ വിളിച്ചതും പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തിലേക്ക് ഇറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.