ഇസ്ലാമാബാദ്: ഇസ്‍ലാമാബാദിൽ 12 പേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണം നടത്തിയത് അഫ്ഗാൻ സ്വദേശിയാണെന്ന് പാകിസ്ഥാൻ ആദ്യന്തര മന്ത്രി മോഷിൻ നഖ്‍വി. പാക് തലസ്ഥാനത്ത് കോടതിയുടെ കവാടത്തിന് മുന്നിലാണ് ചൊവ്വാഴ്ച ആത്മഹത്യാ സ്ക്വാഡ് ബോംബാക്രമണം നടത്തി 12 പേരെ കൊലപ്പെടുത്തിയത്. സംഭവസ്ഥലം സന്ദർശിച്ച നഖ്‍വി ആക്രമണം നടത്തിയ വ്യക്തിയെ മുൻവിധിയില്ലാതെ തിരിച്ചറിയുമെന്ന് പ്രഖ്യാപിച്ചരുന്നു.
ഇസ്‍ലാമാബാദിൽ ബോംബിങ് നടത്തിയയാളെയും അതിൽ ഉൾപ്പെട്ട മറുള്ളവരെയും അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് നഖ്‍വി സെനറ്റിൽ പറഞ്ഞു. ‘ ഞങ്ങൾ ആക്രമണകാരിയെ കണ്ടെത്തി. ആക്രമണകാരി ഒരു അഫ്ഗാൻ പൗരനാണ്’- അദ്ദേഹം പറഞ്ഞു.
അതുപോലെ തെക്കൻ വസീറിസ്ഥാനിലെ വനാ കേഡറ്റ് കോളജിൽ ഈയാഴ്ച നടന്ന ആക്രമണത്തിലും പങ്കെടുത്ത ആത്മഹത്യാ സ്ക്വാഡ് ഒരു അഫ്ഗാൻ സ്വദേശി തന്നെയാണെന്നും നഖ്‍വി പറഞ്ഞു. രണ്ട് സംഭവങ്ങളിലും തക്കതായ ശിക്ഷ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച വനാ കോളജിന്റെ മെയിൻ ഗേറ്റിൽ സ്ഫോടക വസ്തുക്കളുമായി നടത്തിയ ആക്രമണത്തിൽ ആറുപേർക്കാണ് പരിക്കേറ്റത്. അഫ്ഗാൻ അതിർത്തിയായ തെക്കൻ വസീറിസ്ഥാനിലാണ് വനാ കോളജ്.
അതേസമയം തീവ്രവാദികളുമായി സംഭാഷണത്തിനില്ലെന്ന് നഖ്‍വി വ്യക്തമാക്കി. ‘അവർ നമ്മൾക്കുനേരെ ബോംബെറിയുമ്പോൾ എങ്ങനെയാണ് ചർച്ച നടത്താൻ കഴിയുക’-നഖ്‍വി ചോദിച്ചു.
അഫ്ഗാനിൽ താലിബാൻ അധികാരത്തിൽ വന്നതു മുതൽ ഭീകരവാദം വർധിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി ഇഷാക് ദാർ പറഞ്ഞു. ‘പാകിസ്ഥാന് ഒരു നല്ല പേരുണ്ട്. എന്നാൽ എല്ലാ ആഴ്ചയും നമ്മൾക്ക് നമ്മുടെ സൈനികരുടെയും സിവിലിയൻമാരുടെയും മൃതദേഹങ്ങൾ ചുമക്കേണ്ടതായി വരുന്നു’-ഇഷാക് ദാർ പറഞ്ഞു.
നേരത്തെ അതിർത്തിയിൽ നിന്ന് തുരത്തിയിരുന്ന താലിബാനികളെ ഇങ്ങോട്ട് പ്രവേശിക്കാൻ അവസരം നൽകിയത് ഇമ്രാൻ ഖാൻ നേതൃത്വം നൽകിയ മുൻ ഗവൺമെന്റായിരുന്നെനും ദാർ കുറ്റപ്പെടുത്തി.
അതേസമയം ഇസ്‍ലാമാബാദ് ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ സെക്യൂരിറ്റി ഏജൻസികൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.