ലാഹോർ: ജമ്മുകശ്മീരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ തള്ളി പാകിസ്താൻ. വിദേശകാര്യമന്ത്രാലയമാണ് മോദിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയത്. അന്താരാഷ്ട്ര ശ്രദ്ധപിടിച്ചുപറ്റുന്നതിന് വേണ്ടിയുള്ള ശ്രമമാണ് മോദി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു തെളിവും തരാതെയാണ് മോദി ആരോപണം ഉന്നയിക്കുന്നതെന്നും പാകിസ്താൻ വ്യക്തമാക്കി.
നേരത്തെ കശ്മീർ സന്ദർശനം നടത്തുന്നതിനിടെ മനുഷ്യത്വവും കശ്മീരി വ്യക്തിത്വവുമാണ് അക്രമിക്കപ്പെട്ടതെന്ന് മോദി പറഞ്ഞിരുന്നു. കശ്മീരിന്റെ വികസനം ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ആദ്യം മോദിയെ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന്റെ പ്രതികരണം.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധുനദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ കേന്ദ്രസർക്കാറിന് നാല് കത്തുകളയച്ചിരുന്നു. പാക് ജലവിഭവ സെക്രട്ടറി സയ്യിദ് അലി മുർത്താസ ജലശക്തി മന്ത്രാലയത്തിന് അയച്ച കത്തുകൾ വിദേശകാര്യ മന്ത്രാലയത്തിന് ഫോർവേഡ് ചെയ്തെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. കടുത്ത ജല പ്രതിസന്ധിയിലേക്ക് കടക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് തുടർച്ചയായി കത്തയക്കുന്നത്.
എന്നാൽ കരാർ റദ്ദാക്കിയ തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് പലപ്പോഴായി ഇന്ത്യ നൽകിയത്. ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിക്കാതെ പാകിസ്താനുമായി മറ്റ് ചർച്ചകളില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. രക്തവും ജലവും ഒരുമിച്ച് ഒഴുകില്ലെന്ന് പ്രധാനമന്ത്രി മോദി പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ വ്യക്തമാക്കിയിരുന്നു. അതിർത്തി കടന്നുള്ള ഭീകരാക്രമണം തടയാനുള്ള ശക്തമായ നടപടി പാകിസ്താൻ സ്വീകരിച്ചെന്ന് ഉറപ്പാക്കിയ ശേഷമേ കരാറുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇനി ചർച്ചയുണ്ടാകൂ എന്നാണ് ഇന്ത്യയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.