ജമ്മു: ജമ്മുകശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളുടെ സുരക്ഷയെ മുന്‍ നിർത്തി കച്ചവടക്കാർക്കും മറ്റ് വ്യാപാരികൾക്കുമായി പുതിയ ക്യൂ.ആർ കോഡ് അധിഷ്ഠിത തിരിച്ചറിയൽ സംവിധാനം ഏർപ്പെടുത്തി. കഴിഞ്ഞ വർഷം ലഷ്കർ-ഇ-തൊയ്ബ ഭീകരർ നടത്തിയ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. കുതിര സവാരി നടത്തുന്നവർ, തെരുവ് കച്ചവടക്കാർ, ബിസിനസ് സ്ഥാപനങ്ങൾ, പുറത്തുനിന്നുള്ള കച്ചവടക്കാർ എന്നിവരുൾപ്പെടെയുള്ള അംഗീകൃത സേവനദാതാക്കളെ എളുപ്പത്തിൽ തിരിച്ചറിയാനും അവരുടെ വിശ്വാസ്യത പരിശോധിക്കാനും ഈ സംവിധാനം സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ വർഷം ഏപ്രിൽ 22ന് അനന്ത്നാഗ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ ബൈസരൻ പുൽമേട്ടിലുണ്ടായ ഭീകരാക്രമണം വിനോദസഞ്ചാരികളെയും മേഖലയെയും ബാധിച്ചിരുന്നു. 25 വിനോദസഞ്ചാരികളും ഒരു പ്രാദേശിക കുതിര സവാരിക്കാരനും കൊല്ലപ്പെട്ട ആക്രമണത്തിൽ ആശങ്കയിലായ സന്ദർശകരുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പായാണ് പുതിയ പദ്ധതിയെ കാണുന്നത്. ഓരോ സേവനദാതാവിനെയും പോലീസ് കൃത്യമായി പരിശോധിച്ച് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓരോ വ്യക്തിക്കും നൽകിയിട്ടുള്ള ക്യൂ.ആർ കോഡിൽ അവരുടെ പേര്, പിതാവിന്റെ പേര്, വിലാസം, മൊബൈൽ നമ്പർ, ആധാർ നമ്പർ, രജിസ്ട്രേഷൻ നമ്പർ, ജോലി ചെയ്യുന്ന മേഖല, പോലീസ് വെരിഫിക്കേഷൻ പൂർത്തിയാക്കിയതാണോ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തും. വിനോദസഞ്ചാരികൾക്ക് അവരുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ക്യൂ ആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ സേവനദാതാവിന്റെ പൂർണ്ണ വിവരങ്ങൾ പരിശോധിക്കാം.
അതേ സമയം അംഗീകാരമില്ലാത്ത വ്യക്തികൾ മേഖലയിൽ പ്രവർത്തിക്കുന്നത് തടയാനും തട്ടിപ്പുകൾ ഒഴിവാക്കാനും ഇത് സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സേവനദാതാക്കളുടെ ക്രെഡൻഷ്യലുകൾ നേരിട്ട് പരിശോധിക്കാൻ കഴിയുന്നത് സുരക്ഷാ അന്തരീക്ഷം മെച്ചപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു. അതേ സമയം വ്യാപാരികളും മറ്റും ഈ നീക്കത്തെ അനുകൂലിച്ച് രംഗത്തെത്തി. `ഞങ്ങളുടെ എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് ക്യൂ.ആർ കോഡുകൾ നൽകിയിരിക്കുന്നത്. ഇവ പ്രാദേശിക പൊലീസ് സ്റ്റേഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. യഥാർഥ സേവനദാതാക്കൾ മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇടയ്ക്കിടെ ഈ കോഡുകൾ പരിശോധിക്കാറുണ്ട്' വ്യാപാരികളിലൊരാളായ ഗുലാം ഹസ്സൻ പറഞ്ഞു.
ജമ്മു കശ്മീരിന് പുറത്തുനിന്ന് ഉപജീവനത്തിനായി എത്തുന്ന കച്ചവടക്കാരെയും സുരക്ഷാ വീഴ്ചകൾ ഒഴിവാക്കുന്നതിനായി പൊലീസ് കർശനമായി പരിശോധിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. വിനോദസഞ്ചാരികൾക്കിടയില്‍നും വിശ്വസ്ഥത ഉറപ്പാക്കുന്നതിനും ഈ സംവിധാനം വലിയ സഹായമാകുമെന്ന് വിനോദസഞ്ചാരമേഖലയിലുള്ളവർ പ്രത്യാശ പ്രകടിപ്പിച്ചു.
Heading
Content Area
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.