ന്യൂഡൽഹി: ശ്രീപദ്മനാഭസ്വാമി ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം ഗുരുവായൂർ ദേവസ്വം മാതൃകയിലുള്ള നിയമനിർമാണമാണെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഗുരുവായൂർ മാതൃകയിലുള്ള ദേവസ്വം ബോർഡിന് രൂപംനൽകാൻ നിയമനിർമാണത്തിന് തയാറാണെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ച് മുമ്പാകെ സംസ്ഥാന സർക്കാർ ബോധിപ്പിച്ചു. ഇത് പരിശോധിച്ച് തീരുമാനിക്കേണ്ട കാര്യമാണെന്ന് സുപ്രീംകോടതി പ്രതികരിച്ചു.
പദ്മനാഭസ്വാമി ക്ഷേത്രത്തിെൻറ പത്മതീർഥം, മിതാനന്ദകുളം എന്നിവയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിടുന്നത് തടയാൻ കേരള ജല അതോറിറ്റി അടിയന്തര നടപടിയെടുക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. സ്വകാര്യ കമ്പനികളെ മാറ്റിനിർത്താനും ടെൻഡർ നടപടികൾ ഒഴിവാക്കാനുമാണ് ജല അതോറിറ്റിയെ ചുമതലപ്പെടുത്തിയത്. മലിനജലത്തിെൻറ ഒഴുക്ക് തടയുന്നതിനുള്ള ഓടനിർമാണം ഉടൻ തുടങ്ങണം.
കാലവർഷം തുടങ്ങുന്നതിന് മുമ്പ് നിർമാണം പൂർത്തിയാക്കേണ്ടതിനാൽ മേയ് 15നകം പ്രവൃത്തി തീർക്കുകയും വേണം. ഇതിെൻറ ചെലവ് 28 ലക്ഷം രൂപ സർക്കാർ വഹിക്കണം. രണ്ടാഴ്ച കൂടുമ്പോൾ പ്രവൃത്തിയുടെ പുരോഗതി റിപ്പോർട്ട് ജല അതോറിറ്റി അമിക്കസ്ക്യൂറി ഗോപാൽ സുബ്രഹ്മണ്യത്തിന് സമർപ്പിക്കണം.
പദ്മനാഭസ്വാമി വിഗ്രഹത്തിെൻറ കേടുപാടുകൾ തീർക്കാനും ശ്രീകോവിലിെൻറ മേൽക്കൂര അറ്റകുറ്റപ്പണി നടത്താനും ജില്ല ജഡ്ജിയുടെ അധ്യക്ഷതയിലുള്ള ഭരണസമിതി തീരുമാനമെടുക്കണം. ഇതിന് തന്ത്രി അടക്കമുള്ളവരുടെ ഉപദേശം സ്വീകരിക്കണം.
വിദഗ്ധരുടെ ഉപദേശം തേടിയശേഷം മാത്രമേ വിഗ്രഹത്തിലെ കേടുപാടുകൾ പരിഹരിക്കുന്നതിനുള്ള ‘കടുശർക്കര’ അടക്കം തയാറാക്കാൻ പാടുള്ളൂ. ഇതിന് വ്യത്യസ്ത ടെൻഡറുകൾ ക്ഷണിക്കണം. ഒരാഴ്ചക്കകം നടപടികൾ ആരംഭിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. കേസ് ഏപ്രിൽ 17ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.