ബിഹാറിൽ പൊലീസ് മെസ്സിലെ ഭക്ഷണം കഴിച്ച നൂറിലധികം ഉദ്യോഗസ്ഥർക്ക് ഭക്ഷ്യവിഷബാധ; അന്വേഷണത്തിന് ഉത്തരവ്

ബങ്ക: ബിഹാറിലെ ബങ്ക ജില്ലയിൽ പൊലീസ് ലൈൻ മെസ്സിൽ നിന്ന് ഭക്ഷണം കഴിച്ച നൂറിലധികം പൊലീസ് ഉദ്യോഗസ്ഥർക്ക് ഭക്ഷ്യവിഷബാധയേറ്റു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ഉദ്യോഗസ്ഥരെ ഉടൻ തന്നെ ബങ്ക സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരുടെയും നില ഗുരുതരമല്ലെന്നും എല്ലാവരും നിരീക്ഷണത്തിലാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ചയായിരുന്നു സംഭവം. പൊലീസ് ലൈനിലെ മെസ്സിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥർക്ക് ഛർദ്ദിയും വയറുവേദനയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. ഇത്രയധികം പേർക്ക് ഒരേസമയം അസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ജില്ലാ ഭരണകൂടം ഉടൻ ഇടപെടുകയും ആംബുലൻസുകൾ സജ്ജമാക്കി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവമറിഞ്ഞയുടൻ ജില്ലാ മജിസ്‌ട്രേറ്റ് നവ്ദീപ് ശുക്ല ആശുപത്രിയിലെത്തി ഉദ്യോഗസ്ഥരുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. ഉദ്യോഗസ്ഥർക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാൻ അദ്ദേഹം ഡോക്ടർമാർക്ക് കർശന നിർദേശം നൽകി. പിന്നാലെ ഭാഗൽപൂർ റേഞ്ച് ഐ.ജി വിവേക് കുമാറും ആശുപത്രിയിലെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു.

' നിലവിൽ ചികിത്സയിലുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യനില തൃപ്തികരമാണ്. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്ന മുറക്ക് പലരെയും ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്തേക്കും. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും ഐ.ജി അ‌റിയിച്ചു.

പ്രാഥമിക നിഗമനമനുസരിച്ച് ഭക്ഷ്യവിഷബാധയാണ് അസുഖത്തിന് കാരണമെന്ന് ബങ്ക സിവിൽ സർജൻ ജിതേന്ദ്ര കുമാർ സ്ഥിരീകരിച്ചു. മെസ്സിൽ ഉപയോഗിച്ച വെള്ളത്തിലോ ഭക്ഷണസാധനങ്ങളിലോ ഉണ്ടായ അപാകതയാണോ എന്ന് പരിശോധിച്ചു വരികയാണ്. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവിക്ക് ഐ.ജി നിർദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ മറ്റ് പൊലീസ് മെസ്സുകളിലും ഭക്ഷണ പരിശോധന കർശനമാക്കിയേക്കും.

ബുധനാഴ്ചയും വ്യാഴാഴ്ചയും മെസ്സിൽ വിളമ്പിയ ഭക്ഷണത്തിന്റെ സാമ്പിളുകൾ ഫോറൻസിക് പരിശോധനക്കായി പട്നയിലെ സ്റ്റേറ്റ് ഫുഡ് ലാബിലേക്ക് അയച്ചിട്ടുണ്ട്. അതോടൊപ്പം ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ മെസ്സ് ഇൻചാർജിനും കരാറുകാരനും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത പക്ഷം കരാർ റദ്ദാക്കുമെന്ന് ഐ.ജി വിവേക് കുമാർ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Over 100 cops fall ill after eating mess food in Bihar; food poisoning suspected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.