നൂറ്റാണ്ടുകളായി ഇന്ത്യയിൽ പ്രചാരത്തിലുള്ള മതമാണ് ഇസ്‍ലാം; ശത്രുക്ക​ളെ തുരത്തുന്നതിന് പകരം നമ്മൾ പരസ്പരം പോരടിക്കുകയാണ് -മോഹൻ ഭാഗവത്

നാഗ്പൂർ: രാജ്യത്തിന്റെ അതിർത്തിയിലെ ശ​ത്രുക്കളെ ശക്തി കാണിക്കുന്നതിന് പകരം നമ്മൾ തമ്മിൽ പോരടിക്കുകയാണെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്) തലവൻ മോഹൻ ഭാഗവത്. നമ്മൾ ഒരു രാജ്യത്തുള്ളവരാണെന്ന കാര്യം മറന്നുപോകുന്നു. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തു സൂക്ഷിക്കാൻ എല്ലാ പൗരൻമാരും കഴിവിന്റെ പരമാവധി ശ്രമിക്കണം. എന്തെങ്കിലും അപരാപ്തത ഉണ്ടെങ്കിൽ അത് നികത്താൻ സാധിക്കണമെന്നും ഭാഗവത് പറഞ്ഞു. നാഗ്പൂരിൽ ആർ.എസ്.എസിന്റെ പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം.

ചില മതങ്ങൾ വിദേശരാജ്യങ്ങളിൽ നിന്ന് വന്നതാണ്. നമ്മളവരോട് പോരാടി. പുറത്തേക്ക് പോകാനുള്ളവർ പോയി. ഇപ്പോൾ എല്ലാവരും രാജ്യത്തിന് അകത്താണ്. എന്നാൽ പുറത്തക്ക് പോയവരുടെ സ്വാധീനത്തിൽ ഇപ്പോഴും ഇവി​ടെ കഴിയുന്നവരുണ്ട്. അവർ നമ്മുടെ ആളുകളാണ്. ഇത് മനസിലാക്കണം. അവരെ ബോധവത്കരിക്കേണ്ടത് നമ്മുടെ കടമയാണ്.-ഭാഗവത് ചൂണ്ടിക്കാട്ടി.

നമ്മുടെ സമൂഹത്തിൽ മതവും വിശ്വാസവുമായി ബന്ധപ്പെട്ട നിരവധി ഭിന്നതകളുണ്ട്. നൂറ്റാണ്ടുകളായി നമ്മുടെ നാട്ടിൽ ഇസ്‍ലാം മതം പ്രചാരത്തിലുണ്ട്. പണ്ട് ഇന്ത്യയിൽ ജാതി വിവേചനം ഇല്ലായിരുന്നുവെന്ന ചിന്തയെ പലരും പിന്തുണക്കുന്നുണ്ട്. ജാതിയുടെ കാര്യത്തിൽ പല അനീതികളും ഇവിടെ നടന്നു. നമ്മൾ നമ്മുടെ പിതാക്കളുടെ പൈതൃകം മഹത്വത്തോടെ കൊണ്ടാടുന്നുണ്ട്. അതോടൊപ്പം അവരുടെ തെറ്റുകൾക്കും വലിയ വില നൽകേണ്ടി വരുന്നു.

ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും കോവിഡ് മഹാമാരി നേരിടുന്നതിലും ഇന്ത്യ മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടന്മാണ് കാഴ്ച വെച്ചത്. ഈ വർഷം ജി20 ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കാനും ഇന്ത്യക്ക് സാധിച്ചു. ഇത് അഭിമാനാർഹമായ കാര്യമാണെന്നും ഭാഗവത് കൂട്ടിച്ചേർത്തു.

Tags:    
News Summary - Outsiders have gone, now everyone is insider says RSS chief Mohan Bhagwat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.