പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) തലവൻ രാജ് താക്കറെയുടെ അഭിപ്രായത്തോട് പ്രതികരിച്ച് മഹാരാഷ്ട്ര ഊർജ മന്ത്രിയും കോൺഗ്രസ് നേതാവുമായ നിതിൻ റാവത്ത്. "രാജ്യത്തെ ഒരുമിച്ചു നിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. വ്യത്യസ്ത ഭാഷകളും മതങ്ങളും സംസ്‌കാരങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. മതത്തെ കുറിച്ച് ആളുകൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് വളരെ സങ്കടകരമാണ്. ഇത് അവരുടെ മാനസികാവസ്ഥയാണ് കാണിക്കുന്നതെന്ന് റാവത്ത് തിങ്കളാഴ്ച പറഞ്ഞു.
മസ്ജിദിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന രാജ് താക്കറെയുടെ കഴിഞ്ഞയാഴ്ചത്തെ ആഹ്വാനത്തെ തുടർന്നാണ് റാവത്തിന്റെ പരാമർശം. മുസ്‍ലിം പള്ളികളിൽ ബാങ്ക് കൊടുക്കുന്ന ഉച്ചഭാഷിണി നീക്കം ചെയ്തില്ലെങ്കിൽ പള്ളിക്ക് പുറത്ത് ഉച്ചഭാഷിണിയിൽ ഹനുമാൻ ചാലിസ വായിക്കുമെന്ന് മഹാരാഷ്ട്ര സർക്കാരിന് എം.എൻ.എസ് നേതാവ് മുന്നറിയിപ്പ് നൽകിയിരുന്നു.
എം.എൻ.എസ് നേതാവിന്റെ പരാമർശത്തിനെതിരെ ശിവസേനയും രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്രയിൽ രാജ്യത്തെ നിയമമാണ് നിലനിൽക്കുന്നതെന്നും ആഭ്യന്തരമന്ത്രി നിയമപ്രകാരം എല്ലാം ചെയ്യുമെന്നും ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.
"രാജ് താക്കറെ ഇന്നലെ പള്ളികളിൽ സ്ഥാപിച്ചിരുന്ന ലൗഡ് സ്പീക്കറുകൾ നീക്കം ചെയ്യുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇത് മഹാരാഷ്ട്രയാണ്. രാജ്യത്തെ നിയമം പാലിക്കുന്ന സ്ഥലമാണിത്" -റാവത്ത് മുംബൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.