പ്രതിപക്ഷഐക്യം നിലനിൽക്കാൻ കണക്കുകൂട്ടൽ മാത്രം പോരാ, കൃത്യമായ വ്യാഖ്യാനം വേണം - പ്രശാന്ത് കിഷോർ

ന്യൂഡൽഹി: പ്രതിപക്ഷ ഐക്യത്തിന് നിലനിൽപ്പുണ്ടാകാൻ കണക്കുക്കൂട്ടലല്ല മറിച്ച് കൃത്യമായ വ്യാഖ്യാനങ്ങളാണ് വേണ്ടതെന്ന് രാഷ്ട്രീയ തന്ത്രജ്ഞനും ആക്ടിവിസ്റ്റുമായ പ്രശാന്ത് കിഷോർ. ബിഹാറിലെ സമസ്തിപൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

ഭരണകക്ഷിക്കെതിരെ കൃത്യമായ ഒരു വ്യാഖ്യാനമുണ്ടാക്കിയാൽ മാത്രമേ ഒരു സംയുക്ത പ്രതിപക്ഷത്തിന് വിജയിക്കാനാകൂ. അടിയന്തരാവസ്ഥക്ക് പിന്നാലെ ജയപ്രകാശ് നാരായണന്‍റെ നേതൃത്വത്തിൽ നടന്ന ഐക്യമാണ് ജനങ്ങളുടെ മനസിലുണ്ടാകുക. കുറച്ച് കണക്കുക്കൂട്ടലും ഐക്യത്തിന് കൃത്യമായ ഒരു വ്യാഖ്യാനവുമുണ്ടെങ്കിൽ മാത്രമേ അത് ജനങ്ങൾക്ക് സ്വീകാര്യമാകൂയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിൽ നടന്ന രാഷ്ട്രീയ അട്ടിമറിയെ വിലയിരുത്തേണ്ടതും അത് നല്ലതാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടതും അവിടുത്തെ ജനങ്ങളാണ്. സാധാരണഗതിയിൽ ഒരു പാർട്ടിയിലെ ഏതാനും എം.എൽ.എമാർ മറുകണ്ടം ചാടിയതുകൊണ്ട് പാർട്ടിയോടുള്ള ജനപ്രീതിക്ക് കോട്ടം സംഭവിക്കാറില്ലെന്നും മഹാരാഷ്ട്രയിലെ അട്ടിമറി നീക്കം എൻ.സി.പിക്ക് ദോഷം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"രാഷ്ട്രീയക്കാർ ബ്രേക്കിങ് ന്യൂസിന്‍റ ചക്രത്തിൽ അകപ്പെടാൻ പ്രയാസമുള്ളവരാണ്. കഴിഞ്ഞ വർഷം ബിഹാറിൽ നടന്ന രാഷ്ട്രീയ സംഭവങ്ങൾ രാജ്യത്ത് മറ്റൊരു സംസ്ഥാനത്തെയും രാഷ്ട്രീയത്തെ ബാധിച്ചിട്ടില്ല. അതുപോലെ തന്നെയായിരിക്കും മഹാരാഷ്ട്രയിലേതും. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് മഹാഘഡ്ബന്ധൻ തിരിച്ചുവരവ് നടത്തില്ല" - അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു രാഷ്ട്രീയ നേതാവ് എന്തെങ്കിലും തെറ്റ് ചെയ്തതിന് നടപടി നേരിടുന്നത് ജനത്തെ സംബന്ധിച്ച് അവന്‍റെ പരിഗണനയിൽ വരുന്ന കാര്യമല്ല. എന്നാൽ പ്രതിപക്ഷത്തുള്ളവർ മാത്രം ഇത്തരം നടപടികൾ നേരിടേണ്ടി വരുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്ന കാര്യമാണെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി.

Tags:    
News Summary - Opposition unity needs rational narrative, says Prashant Kishor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.