ന്യൂഡൽഹി: വിദ്യാർഥി രോഷത്തിന്റെ ചൂടറിഞ്ഞതിന് പിന്നാലെ, കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൊതുപരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയിൽ പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാറിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ ചർച്ച നടക്കുമ്പോൾ സഭയിൽ എത്താത്തതും പ്രതിപക്ഷം ആയുധമാക്കി.
വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. വേഗത്തിൽ ശിക്ഷ ഉറപ്പാക്കാനും ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനും ലക്ഷ്യമിട്ടാണ് പുതിയ ഭേദഗതികളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, 2024ൽ നിയമം കൊണ്ടുവന്നിട്ടും 2025ലും തുടർന്നുള്ള വർഷങ്ങളിലും ചോദ്യപേപ്പർ ചോർച്ച തടയാൻ സർക്കാറിന് സാധിച്ചില്ലെന്ന് പ്രതിപക്ഷത്തുനിന്നും ചർച്ചക്ക് തുടക്കം കുറിച്ച കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ് പറഞ്ഞു.
എൻ.ടി.എ ചെയർമാൻ ആർ.എസ്.എസിന് പ്രിയപ്പെട്ടയാളായതിനാലാണ് അദ്ദേഹത്തെ കേന്ദ്രം സംരക്ഷിക്കുന്നതെന്നും വിദ്യാർഥികൾക്കുനേരെ പെല്ലെറ്റ് തോക്കുകൾ പ്രയോഗിക്കാൻ ആരാണ് ഉത്തരവിട്ടതെന്ന് ആഭ്യന്തര മന്ത്രി സഭയിൽ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജെൻസിയെ കൈയിലെടുക്കാൻ വെറുതെ കാമറ ആംഗിളുകൾ മാറ്റി വിഡിയോ പിടിച്ചതുകൊണ്ട് കാര്യമില്ലെന്നും പ്രധാനമന്ത്രി മാറ്റേണ്ടത് കാമറ ആംഗിളല്ല, മനസ്സിന്റെ ആംഗിളാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ആർ.എസ്.എസ് പ്രചാരകരെ തിരുകിക്കയറ്റിയതാണ് വിദ്യാഭ്യാസ മേഖലയുടെ തകർച്ചക്ക് കാരണം. വിദ്യാർഥികൾക്കുനേരെ പെല്ലെറ്റ് ഗൺ അടക്കം ഉപയോഗിക്കാൻ അനുമതി നൽകിയത് പ്രധാനമന്ത്രിയാണോ ആഭ്യന്തര മന്ത്രിയാണോ എന്ന് വ്യക്തമാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. ബലാത്സംഗ കേസ് പ്രതികളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷിക്കെതിരെ പ്രിയങ്ക നടത്തിയ പരാമർശം ബഹളത്തിനിടയാക്കി.
ക്ഷേത്രത്തിലെ വഴിപാടുകൾ സംരക്ഷിക്കാൻ കഴിയാത്തവർക്ക് ചോദ്യപേപ്പർ ചോർച്ച എങ്ങനെ തടയാൻ കഴിയുമെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പരിഹസിച്ചു. പ്രധാനമന്ത്രിയെ രക്ഷിക്കാൻ അവർ ‘പ്രധാനെ’ ഒഴിവാക്കി. വിദ്യാർഥികൾക്കുനേരെ പെല്ലെറ്റ് ഗൺ, ഷോക്ക് ബാറ്റണുകൾ ഉൾപ്പെടെ ഉപയോഗിച്ച് നടത്തിയ അതിക്രമങ്ങൾക്ക് സർക്കാർ മറുപടി പറയണം. പരീക്ഷാ സംവിധാനങ്ങൾ പോലും ഔട്ട്സോഴ്സ് ചെയ്യുന്ന അവസ്ഥയിലാണ് രാജ്യത്തെ ഭരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അമിത് ഷാ സഭയിൽ എത്താതിരുന്നതിനെ കോൺഗ്രസ് എം.പി കെ.സി. വേണുഗോപാൽ ചോദ്യം ചെയ്തു. വിദ്യാർഥികളെ രാജ്യത്തിന്റെ ശത്രുക്കളെപ്പോലെയാണ് പൊലീസ് നേരിട്ടത്. ചോദ്യപേപ്പർ ചോർച്ച തടയാൻ ആത്മാർഥമായ താൽപര്യമില്ലെങ്കിൽ എത്ര നിയമം കൊണ്ടുവന്നാലും ഒരു പ്രയോജനവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തിന്റേത് ഇരട്ടത്താപ്പാണെന്നും പുതിയ വിദ്യാഭ്യാസ നയത്തിലൂടെയും ഭേദഗതി ബില്ലിലൂടെയും മോദി സർക്കാർ വിദ്യാർഥികളുടെ ഭാവി ഭദ്രമാക്കുകയാണെന്നും ബി.ജെ.പി എം.പി ബാൻസുരി സ്വരാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.