ഡൽഹി സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിൽ എ.ബി.വി.പിക്ക് വിജയം; പിന്നാലെ കാമ്പസിൽ സംഘർഷം

ന്യൂഡൽഹി: ഡൽഹി യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് യൂനിയൻ തെരഞ്ഞെടുപ്പിൽ എ.ബി.വി.പി ക്ക് വിജയം. യൂണിയന്റെ കേന്ദ്ര പാനലിലെ നാല് പ്രധാന പദവികളായ പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ മൂന്ന് സീറ്റുകളിലും എ ബി വി പി സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. 20 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായ ശേഷമാണ് സർവകലാശാല അധികൃതർ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തിയത്.

എ.ബി.വി.പിയുടെ യഷ് ദബാസ് 24,576 വോട്ടുകൾ നേടി ഡൽഹി യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി പദവിയിലേക്ക് മത്സരിച്ച എ.ബി.വി.പിയുടെ റിയ ഛാവ്ഡി 21,650 വോട്ടുകളോടെയും, ജോയിന്റ് സെക്രട്ടറി പദവിയിലേക്ക് മത്സരിച്ച ലക്ഷ്യ രാജ് സിങ് 16,615 വോട്ടുകളോടെയും വിജയിച്ചു. വൈസ് പ്രസിഡന്റ് പദവിയിലേക്ക് നടന്ന മത്സരത്തിൽ എൻ എസ് യു ഐ വിമതനായിരുന്ന സ്വതന്ത്ര സ്ഥാനാർത്ഥി ദീപാൻഷു ഷൊക്കീൻ ചരിത്ര വിജയം നേടി. 30,615 വോട്ടുകൾ നേടിയാണ് ദീപാൻഷു വൈസ് പ്രസിഡന്റ് സീറ്റ് പിടിച്ചെടുത്തത്. ഈ സീറ്റിലേക്ക് മത്സരിച്ച എ ബി വി പിയുടെ ഇഷു മൗര്യയ്ക്ക് 16,910 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എൻ എസ് യു ഐക്കും , എസ് എഫ് ഐ ഉൾപ്പെടുന്ന ഇടതു സഖ്യത്തിനും എല്ലാ സീറ്റുകളിലും തിരിച്ചടി നേരിട്ടു.

എന്നാൽ ,തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ഡൽഹിയിലും സർവകലാശാലക്കകത്തും വിദ്യാർഥികളുടെ വലിയ പ്രതിഷേധം നടക്കുകയാണ്. വോട്ടെണ്ണൽ അട്ടിമറിച്ചെന്നും എ.ബി.വി.പിക്ക് വേണ്ടി സർവകലാശാല അധികൃതർ തിരഞ്ഞെടുപ്പിൽ കൃത്രിമത്വം കാണിച്ചെന്നും ആരോപിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച വിശേഷ് യാദവിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ റോഡ് ഉപരോധിച്ചു. പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചത് തർക്കത്തിനിടയാക്കി. ഹൈക്കോടതി വിലക്കുള്ളതിനാൽ എ ബി വി പി യുടെ ആഘോഷ പരിപാടികൾ നടന്നിരുന്നില്ല. കൂടുതൽ പൊലീസെത്തി വിദ്യാർത്ഥികളെ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ്. എന്നാൽ പിരിഞ്ഞു പോകില്ലെന്ന ഉറച്ച നിലപാടിലാണ് ഒരു കൂട്ടം വിദ്യാർഥികൾ.

Tags:    
News Summary - ABVP Wins Delhi University Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.