ഷൂവിനകത്ത് ഒളിപ്പിച്ച് ചോദ്യപേപ്പർ ചോർത്തി; അധ്യാപക യോഗ്യതാ പരീക്ഷാ കേസിൽ 18 പേർക്കെതിരെ കുറ്റപത്രം
മുംബൈ: മഹാരാഷ്ട്ര അധ്യാപക യോഗ്യത പരീക്ഷയുടെ ചോദ്യപേപ്പറുകൾ ആഗ്രയിലെ പ്രസിൽ നിന്ന് ജീവനക്കാർ കടത്തിയത് ഷൂവിനകത്തെ ഇൻസോളിനുള്ളിൽ ഒളിപ്പിച്ചാണെന്ന് കുറ്റപത്രം. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം വെള്ളിയാഴ്ച ഭീവണ്ടിയിലെ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ആരോപണം. 8,000 രൂപ വാങ്ങിയാണ് ജീവനക്കാർ ചോദ്യപേപ്പർ കടത്തിയതെന്നും അപാകതകൾ തടയാൻ നാല് സെറ്റ് ചോദ്യപേപ്പറുകളാണ് അച്ചടിക്കു നൽകിയതെന്നും നാല് സെറ്റും ചോർത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. പ്രസ് ജീവനക്കാർക്ക് ആഗ്രയിൽ ഭൂമി വാഗ്ദാനം ചെയ്തതായും ആരോപിക്കുന്നു.
പ്രസിലെ രണ്ട് ജീവനക്കാരും മറ്റൊരു മുൻ ജീവനക്കാരനുമാണ് ചോദ്യപേപ്പർ കടത്തിയത്. മുഖ്യപ്രതി ബിജേന്ദ്ര ഗുപ്ത അടക്കം 18 പേർക്കെതിരെയാണ് കുറ്റപത്രം. ഗുപ്ത അടക്കം 16 പേർ ജയിലിലാണ്.
മറ്റ് രണ്ടുപേർ ഒളിവിലാണ്. ജൂൺ 28ന് പരീക്ഷ നടക്കാനിരിക്കെ മണിക്കൂറുകൾക്കുമുമ്പ്, ചോദ്യപേപ്പർ ചോർന്നതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ ബൻസോഡെക്ക് രഹസ്യവിവരം ലഭിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.