ഒക്ടോബർ 1 മുതൽ സബ്സിഡി സിലിണ്ടറുകൾക്ക് ആധാർ ഓതന്‍റിക്കേഷൻ നിർബന്ധം: അറിയേണ്ട കാര്യങ്ങൾ

സബ്‌സിഡിയോടെയുള്ള ഗാർഹിക എൽ.പി.ജി സിലിണ്ടറുകൾ ലഭിക്കുന്നതിന് 2026 ഒക്ടോബർ 1 മുതൽ ബയോമെട്രിക് ആധാർ ഓതന്‍റിക്കേഷൻ നിർബന്ധമാക്കി. അർഹരായ യഥാർഥ കുടുംബങ്ങൾക്ക് തന്നെ സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ പദ്ധതിയെന്ന് സർക്കാർ വ്യക്തമാക്കി.

പി.ഐ.ബി പ്രകാരം, സെപ്റ്റംബർ 19 വരെ രാജ്യത്തെ 27.43 കോടി സജീവ ഗാർഹിക എൽ.പി.ജി ഉപഭോക്താക്കളിൽ 89.9 ശതമാനം പേരും ബയോമെട്രിക് ആധാർ ഓതന്‍റിക്കേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ഇവർ ഇനി മറ്റ് നടപടികളൊന്നും സ്വീകരിക്കേണ്ടതില്ലെന്നും പഴയതുപോലെ സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നത് തുടരാമെന്നും സർക്കാർ അറിയിച്ചു. എന്നാൽ ഓതന്‍റിക്കേഷൻ പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക്, ആധാർ ഓതന്‍റിക്കേഷൻ പൂർത്തിയാക്കിയ ശേഷം മാത്രമേ സബ്‌സിഡി നിരക്കിൽ സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കൂ.

വാണിജ്യ, വ്യാവസായിക ആവശ്യങ്ങൾക്കായി സബ്‌സിഡി സിലിണ്ടറുകൾ വഴിതിരിച്ചുവിടുന്നത് തടയാനും, ഓരോ എൽ.പി.ജി കണക്ഷനും ഉപഭോക്താവുമായി ബന്ധിപ്പിക്കാനും ബയോമെട്രിക് ഓതന്‍റിക്കേഷൻ സഹായിക്കുമെന്ന് സർക്കാർ പറയുന്നു. ഇരട്ട കണക്ഷനുകളും അർഹതയില്ലാത്ത കണക്ഷനുകളും ഒഴിവാക്കി സബ്‌സിഡി വിതരണം കൂടുതൽ കൃത്യമാക്കാനും ഇത് ലക്ഷ്യമിടുന്നു.

ആധാർ ഓതന്‍റിക്കേഷൻ എങ്ങനെ പൂർത്തിയാക്കാം?

ഉപഭോക്താക്കൾക്ക് ആധാർ ഓതന്‍റിക്കേഷൻ പൂർത്തിയാക്കാൻ വിവിധ മാർഗങ്ങളുണ്ട്:

ഡെലിവറി സമയത്ത്: എൽ.പി.ജി സിലിണ്ടർ ഡെലിവറി ചെയ്യുമ്പോൾ തന്നെ ഡെലിവറി ജീവനക്കാരന്റെ കൈവശമുള്ള ഓയിൽ മാർക്കറ്റിങ് കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷൻ വഴി ഓതന്‍റിക്കേഷൻ പൂർത്തിയാക്കാം.

ഷോറൂമുകൾ വഴി: ഉപഭോക്താക്കൾക്ക് തങ്ങളുടെ എൽ.പി.ജി ഡിസ്ട്രിബ്യൂട്ടറുടെ ഷോറൂം നേരിട്ട് സന്ദർശിച്ചും ഈ പ്രക്രിയ പൂർത്തിയാക്കാം.

മൊബൈൽ ആപ്പുകൾ വഴി: ഇന്ധന കമ്പനികളുടെ മൊബൈൽ ആപ്ലിക്കേഷനങ്ങൾ വഴി വീട്ടിലിരുന്നും ഇത് ചെയ്യാവുന്നതാണ്. ഇൻേഡൻ (Indane) ഉപഭോക്താക്കൾക്ക് IndianOil ONE ആപ്പും, ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് HelloBPCL ആപ്പും, എച്ച്‌.പി ഗ്യാസ് (HP Gas) ഉപഭോക്താക്കൾക്ക് HP PAY ആപ്പും ഉപയോഗിക്കാം. സ്വയം ഇ-കെവൈസി (self e-KYC) പൂർത്തിയാക്കുന്നതിനുള്ള വിഡിയോ ട്യൂട്ടോറിയലുകൾ പി.എം.യു.വൈ പോർട്ടലിലും ലഭ്യമാണ്.

ആധാർ ഓതന്‍റിക്കേഷൻ ചെയ്യാൻ താല്പര്യമില്ലെങ്കിൽ എന്ത് സംഭവിക്കും?

ബയോമെട്രിക് ആധാർ ഓതന്‍റിക്കേഷൻ പൂർത്തിയാക്കാൻ താല്പര്യമില്ലാത്തതോ അതിന് സാധിക്കാത്തതോ ആയ ഉപഭോക്താക്കൾക്കും എൽ.പി.ജി ഗ്യാസ് തുടർന്നും ലഭിക്കും. എന്നാൽ, ഉപഭോക്തൃ വെബ്പോർട്ടൽ, മൊബൈൽ ആപ്ലിക്കേഷൻ, വാട്സാപ്പ് ചാറ്റ്‌ബോട്ട് അല്ലെങ്കിൽ ഐ.വി.ആർ.എസ് തുടങ്ങിയ ഒ.എം.സികളുടെ ഡിജിറ്റൽ ചാനലുകൾ വഴി അവർ തങ്ങളുടെ തീരുമാനം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇത്തരം ഉപഭോക്താക്കൾക്ക് സബ്‌സിഡി കൂടാതെ വിപണി വിലയ്ക്ക്, ബന്ധപ്പെട്ട ഒ.എം.സികളുടെ ലഭ്യതയ്ക്ക് അനുസൃതമായി 5 കിലോഗ്രാം അല്ലെങ്കിൽ 10 കിലോഗ്രാം സിലിണ്ടറുകളായി എൽ.പി.ജി ലഭിക്കുന്നതാണ്.

Tags:    
News Summary - Aadhaar authentication mandatory for subsidized cylinders from October 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.