ഇന്ത്യ-ചൈന സംഘർഷം പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ ഇന്ത്യ-ചൈന സംഘർഷം പാർലമെന്റിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം.

ഡിസംബർ ഒമ്പതിന് പ്രദേശത്ത് ഏറ്റുമുട്ടൽ നടന്നിരുന്നു. ഇരുഭാഗത്തുമുള്ള സൈനികർക്ക് പരിക്കേറ്റിരുന്നെന്നും പ്രശ്ന മേഖലയിൽ നിന്ന് ഇരു വിഭാഗങ്ങളും ഉടൻതന്നെ പിരിഞ്ഞുപോവുകയും ചെയ്തിരുന്നെന്ന് സൈന്യം പ്രസ്താവനയിൽ അറിയിച്ചിരുന്നു.

സംഘർഷത്തെ കുറിച്ച് വാർത്ത പ്രചരിച്ചതിന് പിന്നാലെ, വിഷയം പാർലമെന്റിൽ ചർച്ച ചെയ്ത് രാജ്യത്തെ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകണമെന്നും കോൺഗ്രസ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

കേന്ദ്രം ഒരു ചർച്ചയിൽ നിന്നും പിന്മാറിയിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിഷയത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സഭയിൽ പ്രസ്താവന നടത്തണമോ എന്ന കാര്യം ചർച്ച ചെയ്യുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

വിഷയം ചർച്ച ചെയ്യുന്നതിനായി നിരവധി കോൺഗ്രസ് നേതാക്കൾ ഇരുസഭകളിലും നോട്ടീസ് നൽകാനൊരുങ്ങുകയാണ്. അതിർത്തി പ്രശ്‌നം മറച്ചുവെക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ പ്രവണതയാണ് ചൈനയുടെ ആക്രമണത്തിന് ആക്കം കൂട്ടുന്നതെന്ന് പാർട്ടി ആരോപിച്ചു.

ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം തലവനുമായ അസദുദ്ദീൻ ഒവൈസി ലോക്‌സഭയിൽ ഈ വിഷയത്തിൽ അടിയന്തര പ്രമേയം അവതരിപ്പിക്കും.

ഈ വിഷയത്തിൽ സർക്കാരിനെതിരെ കോൺഗ്രസ് ഇന്നലെ ആക്രമണം നടത്തിയിരുന്നു. ദേശീയ സുരക്ഷയുടെ കാര്യങ്ങളിൽ ഞങ്ങൾ രാജ്യത്തോടൊപ്പമാണെന്നും രാഷ്ട്രീയവത്കരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, 2020 ഏപ്രിൽ മുതൽ എൽ.എ.സിക്ക് സമീപമുള്ള ചൈനീസ് അതിക്രമങ്ങളെക്കുറിച്ചും നിർമ്മാണത്തെക്കുറിച്ചും മോദി സർക്കാർ സത്യസന്ധമായ വിവരങൾ പുറത്തു വിടണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഭരണകക്ഷിയായ ബി.ജെ.പി തങ്ങളുടെ രാഷ്ട്രീയ പ്രതിച്ഛായ സംരക്ഷിക്കാൻ ചൈനീസ് അതിക്രമങ്ങളെ കുറിച്ച് മൗനം പാലിക്കുകയാണെന്ന് കോൺഗ്രസിന്റെ കമ്മ്യൂണിക്കേഷൻ ഇൻ ചാർജ് ജയറാം രമേശും പറഞ്ഞു.

പാർട്ടിയിലെ മുതിർന്ന നേതാക്കളായ മനീഷ് തിവാരി, ശശി തരൂർ, രൺദീപ് സിങ് സുർജേവാല എന്നിവരും വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Opposition Plans Parliament Protest Over India-China Border Clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.