ആദായ നികുതി ബില്ലില്‍ ചട്ടലംഘനം: പ്രതിപക്ഷം പരാതിയുമായി രാഷ്ട്രപതിക്ക് മുന്നില്‍

ന്യൂഡല്‍ഹി: ആദായ നികുതി ഭേദഗതി ബില്‍ ചട്ടം ലംഘിച്ച് പാസാക്കിയ വിഷയത്തില്‍ എതിര്‍പ്പ് അറിയിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ വ്യാഴാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണും. കണ്‍സോളിഡേറ്റഡ് ഫണ്ടില്‍നിന്ന് ചെലവ് ചെയ്യാനുള്ള വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന ബില്ലിന് രാഷ്ട്രപതിയുടെ മുന്‍കൂര്‍ അനുമതി വേണമെന്നാണ് ഭരണഘടനാ നിബന്ധന. എന്നാല്‍, അതു പാലിക്കാതെയാണ് ആദായ നികുതി ഭേദഗതി ബില്‍ പാസാക്കിയതെന്നാണ് പ്രതിപക്ഷത്തിന്‍െറ ആക്ഷേപം.

 ഭരണഘടനാ നിബന്ധന ലംഘിച്ചുകൊണ്ട് പാസാക്കിയ ബില്ലിന് അംഗീകാരം നല്‍കരുതെന്നും ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ച് മുന്നോട്ടുപോകുന്ന മോദി സര്‍ക്കാറിന്‍െറ നടപടി തിരുത്തണമെന്നും രാഷ്ട്രപതിയോട് ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസ്, ടി.എം.സി, ഇടത് നേതാക്കള്‍ പറഞ്ഞു. കള്ളപ്പണം വെളിപ്പെടുത്താന്‍ ഒരവസരം കൂടി നല്‍കാനും വെളിപ്പെടുത്താത്തവര്‍ക്ക് കൂടി പിഴ ചുമത്താനും വ്യവസ്ഥ ചെയ്യുന്ന ആദായ നികുതി നിയമ ഭേദഗതി ബില്‍-2016 പ്രതിപക്ഷത്തിന്‍െറ കടുത്ത എതിര്‍പ്പിനിടെ, ചര്‍ച്ച കൂടാതെയാണ് ചൊവ്വാഴ്ച ലോക്സഭ പാസാക്കിയത്. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയെ മറികടക്കാന്‍ ‘മണി ബില്‍’ എന്ന പരിഗണനയും നല്‍കി.

 മണി ബില്ലിന് രാജ്യസഭയുടെ അംഗീകാരം നിര്‍ബന്ധമില്ല. രാഷ്ട്രപതിയുടെ ഒപ്പ് ലഭിക്കുന്നതോടെ ബില്‍ പ്രാബല്യത്തിലാകും. ആദായ നികുതി നിയമ ഭേദഗതി ബില്‍-2016 നോട്ട് അസാധു തീരുമാനത്തിന്‍െറ തുടര്‍ച്ചയാണെന്നും അതിനാല്‍, നോട്ട് അസാധു തീരുമാനത്തിന്‍െറ ദുരിതങ്ങളെക്കുറിച്ചുള്ള ചര്‍ച്ച ആദ്യം നടക്കണമെന്നും ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷം എതിര്‍ത്തത്. എന്നാല്‍, എതിര്‍പ്പ് മറികടന്ന് സ്പീക്കര്‍ അനുമതി നല്‍കുകയും ശബ്ദവോട്ടോടെ ബില്‍ പാസാക്കുകയുമായിരുന്നു. അതേസമയം, അടിയന്തര പ്രധാന്യമുള്ള വിഷയമായതിനാലാണ് ബില്‍ പാസാക്കാന്‍ അനുമതി നല്‍കിയതെന്നും സ്പീക്കര്‍ വിശദീകരിച്ചു.

 

 

Tags:    
News Summary - opposition give help from president of india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.