ചെന്നൈ: ഓപറേഷൻ സിന്ദൂരിൽ 23 മിനിറ്റിനകം പാകിസ്താനിലെ ഒമ്പത് ഭീകര താവളങ്ങൾ തകർത്തതായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ. മദ്രാസ് ഐ.ഐ.ടിയിൽ നടന്ന 62ാമത് ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേയ് ഏഴിന് പുലർച്ച ഒരു മണി കഴിഞ്ഞ് 23 മിനിറ്റ് മാത്രമാണ് ഓപറേഷൻ നീണ്ടുനിന്നത്. ഇതിൽ പാകിസ്താനിലെ 13 വ്യോമതാവളങ്ങൾക്കുനേരെയും ആക്രമണം നടത്തി. ഓപറേഷൻ സിന്ദൂരിൽ പ്രയോഗിച്ച ബ്രഹ്മോസ് മിസൈലായാലും ഇന്റഗ്രേറ്റഡ് എയർ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റമായാലും ഇന്ത്യയുടെ തദ്ദേശീയ സാങ്കേതിക വിദ്യകളുപയോഗിച്ചാണ് പ്രവർത്തിച്ചതെന്നതിൽ അഭിമാനമുണ്ട്.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആയുധങ്ങളുടെയും പ്രതിരോധ സംവിധാനങ്ങളുടെയും ഗുണനിലവാരവും കൃത്യതയും എടുത്തുപറയേണ്ടതാണ്. പാക് ആക്രമണത്തിൽ ഇന്ത്യൻ സൈനിക താവളങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ വരുത്തിയെന്ന വിദേശ മാധ്യമങ്ങളുടെ അവകാശവാദങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. ഓപറേഷൻ സിന്ദൂരിനിടെ ഇന്ത്യൻ ഭാഗത്ത് നാശനഷ്ടമുണ്ടായതിന്റെ ഫോട്ടോയോ ഉപഗ്രഹ ചിത്രമോ പോലുള്ള ഏതെങ്കിലുമൊരു തെളിവ് ഹാജരാക്കാനും പാകിസ്താന് കഴിഞ്ഞില്ലെന്ന് അജിത് ഡോവൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.