മരിച്ചെന്നു കരുതിയയാൾ മൂന്ന് പതിറ്റാണ്ടിന് ശേഷം വീട്ടിൽ; എത്തിയത് എസ്‌.ഐ.ആറിനുള്ള രേഖകൾക്കായി

ലഖ്നോ: ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ മരിച്ചതായി കരുതപ്പെട്ടയാൾ മൂന്ന് പതിറ്റാണ്ടിന് ശേഷം വീട്ടിൽ മടങ്ങിയെത്തി. ഖതൗലി പട്ടണത്തിൽ നിന്നുള്ള ഷെരീഫ് എന്നയാളാണ് 28 വർഷത്തിനുശേഷം കുടുംബത്തിലേക്ക് തിരിച്ചെത്തിയത്. എസ്‌.ഐ.ആർ പ്രക്രിയക്കായി രേഖകൾ സമർപ്പിക്കേണ്ടി വന്നപ്പോഴാണ് ഷെരീഫ് വീട്ടിലേക്ക് മടങ്ങിയത്.

1997ലാണ് ഷെരീഫിന്‍റെ ആദ്യ ഭാര്യ മരണപ്പെടുന്നത്. അവരുടെ മരണശേഷം അദ്ദേഹം വീണ്ടും വിവാഹം കഴിക്കുകയും രണ്ടാം ഭാര്യയോടൊപ്പം പശ്ചിമ ബംഗാളിലേക്ക് താമസം മാറുകയും ചെയ്തു. കുറച്ചുകാലം, കുടുംബവുമായി ഫോൺ വഴി ബന്ധം തുടർന്നെങ്കിലും ക്രമേണ എല്ലാ ആശയവിനിമയങ്ങളും തകരാറിലായി. ഷെരീഫ് നൽകിയ പശ്ചിമ ബംഗാളിലെ വിലാസത്തിൽ അദ്ദേഹത്തെ കണ്ടെത്താൻ കുടുംബാംഗങ്ങൾ നിരവധി തവണ ശ്രമിച്ചിട്ടും ഒരു വിവരവും കണ്ടെത്താനായില്ല. ഒടുവിൽ, ഷെരീഫ് മരിച്ചുവെന്ന് കുടുംബം അനുമാനിക്കുകയായിരുന്നു.

എസ്.ഐ.ആർ. പ്രക്രിയക്ക് രേഖകൾ ആവശ്യമായതിനാലാണ് രണ്ട് ദിവസം മുമ്പ് അദ്ദേഹം തന്റെ ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയത്. 28 വർഷത്തിനു ശേഷമുള്ള ഷെരീഫിന്‍റെ ആദ്യ സന്ദർശനമായിരുന്നു കഴിഞ്ഞ ദിവസത്തേത്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വരവ് കുടുംബാംഗങ്ങൾക്കും അയൽക്കാർക്കും ബന്ധുക്കൾക്കും സന്തോഷവും അവിശ്വാസവും ഉളവാക്കി.

ഖരഗ്പൂർ, അസൻസോൾ എന്നിവയുൾപ്പെടെ പശ്ചിമ ബംഗാളിലെ വിവിധ സ്ഥലങ്ങളിൽ ഏകദേശം 20 വർഷത്തോളം കുടുംബം അദ്ദേഹത്തെ കണ്ടെത്താനായി അന്വേഷണം നടത്തിയതായി ഷെരീഫിന്റെ അനന്തരവൻ മുഹമ്മദ് അക്ലിം പറഞ്ഞു. പക്ഷേ ഒരു തുമ്പും ലഭിച്ചില്ല. ഷെരീഫ് തിരിച്ചെത്തിയത് കുടുംബത്തിന് ആദ്യം വിശ്വസിക്കാൻ പ്രയാസമായിരുന്നു. അദ്ദേഹത്തിന്റെ വരവ് വലിയ ഒത്തുചേരലുകൾക്കാണ് കാരണമായത്. ആളുകൾ ഷെരീഫിനെ കാണാൻ വരികയും ദൂരസ്ഥലങ്ങളിലെ ബന്ധുക്കൾ വിഡിയോ കോളുകൾ വഴി സന്തോഷം അറിയിക്കുകയും ചെയ്തു.

1997ൽ രണ്ടാം വിവാഹ സമയത്ത് പരിമിതമായ മാർഗങ്ങളും ആശയവിനിമയ സൗകര്യങ്ങളുടെ അഭാവവും കാരണം കുടുംബവുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നാണ് ഷെരീഫ് പറയുന്നത്. സർക്കാർ രേഖകൾ ആവശ്യമുള്ളതുകൊണ്ടാണ് താൻ തിരിച്ചെത്തിയതെന്നും അതിനുശേഷം വീണ്ടും പോകുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ രേഖകൾ ശേഖരിച്ച് ബന്ധുക്കളെ കണ്ട ശേഷം, ഷെരീഫ് പശ്ചിമ ബംഗാളിലേക്ക് മടങ്ങി.  

Tags:    
News Summary - UP man resurfaces for SIR, 28 years after going missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.