ന്യൂഡല്‍ഹി: ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍. 4.18 ലക്ഷം കോടി ഡോളര്‍ വലുപ്പമുള്ള സമ്പദ്‌വ്യവസ്ഥയായാണ് ഇന്ത്യ വളര്‍ന്നതെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2030ഓടെ ജര്‍മനിയെ മറികടന്ന് മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുക എന്നതാണ് ലക്ഷ്യം. യു.എസിന്‍റെ താരിഫ് നിരക്ക് ഉയർത്തിയുള്ള വെല്ലുവിളികൾ ഉള്‍പ്പെടെ മറികടന്നാണ് ഇന്ത്യൻ സാമ്പത്തിക രംഗം മികച്ച വളർച്ച കൈവരിച്ചത്.
2025-26ലെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 8.2 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. ആദ്യ പാദത്തില്‍ 7.8 ശതമാനമായിരുന്നു വളര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ രേഖപ്പെടുത്തിയ 7.4 ശതമാനത്തില്‍ നിന്നുമാണ് എട്ടു കടന്നുള്ള വളര്‍ച്ചാനിരക്ക്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 7.3 ലക്ഷം കോടി ഡോളറായി വളര്‍ന്ന് ജര്‍മനിയെ മറികടക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. യു.എസും ചൈനയുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.
ഉപഭോഗം വര്‍ധിച്ചത് അടക്കമുള്ള ഘടകങ്ങളാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയെ സഹായിച്ചതെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2047നകം ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആഗോള വ്യാപാരത്തിലുൾപ്പെടെ പ്രതിസന്ധികൾക്ക് സാക്ഷ്യം വഹിച്ച വർഷമാണ് ഇന്ത്യ മികച്ച മുന്നേറ്റം നടത്തുന്നതെന്നത് ശ്രദ്ധേയമാണ്. അടുത്ത രണ്ട് വർഷങ്ങളിൽ ജി20 രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ച ഇന്ത്യക്കായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ കണക്കുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.