നാലാം ക്ലാസുകാരിയുടെ ആത്മഹത്യ: സ്കൂളിന്‍റെ അംഗീകാരം റദ്ദാക്കി സി.ബി.എസ്.ഇ

ജയ്പൂർ: രാജസ്ഥാനിലെ സ്കൂളിൽ നിന്ന് നാലാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തതിനെ തുടർന്ന് സ്കൂളിന്റെ അംഗീകാരം റദ്ദാക്കി സി.ബി.എസ്.ഇ. വിദ്യാർഥികളുടെ സുരക്ഷ മാനദണ്ഡങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ (സി.ബി.എസ്.ഇ) നടപടി. ഇത് കൂടാതെ സ്കൂളിന് കഠിനമായ പിഴ ചുമത്തുമെന്നും ഇത്തരത്തിൽ സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തിൽ വിദ്യാർഥികളെ പഠിക്കാൻ അനുവദിക്കില്ലെന്നും ബോർഡ് അറിയിച്ചു.

നവംബർ ഒന്നിനാണ് നാലാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി സ്കൂളിന്റെ നാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ആത്മഹത്യയുടെ കാരണമന്വേഷിക്കാൻ സി.ബി.എസ്.ഇ രൂപീകരിച്ച അന്വേഷണ സമിതിയാണ് സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാണിച്ചത്. 18 മാസത്തോളം ഭീഷണിയും മോശംവാക്കുകളും കുട്ടിക്ക് കേൾക്കേണ്ടി വന്നെന്നും സ്കൂൾ അധികൃതർ ഗുരുതര വീഴ്ച വരുത്തിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

രാജസ്ഥാനിലെ ജയ്പുരിലുള്ള നീർജ മോദി സ്കൂളിലെ വിദ്യാർഥി അമൈറയാണ് സ്കൂൾ കെട്ടിടത്തിന്റെ നാലാം നിലയിൽനിന്നു ചാടി ജീവനൊടുക്കിയത്. ഇതു സംബന്ധിച്ച സി.ബി.എസ്.ഇയുടെ റിപ്പോർട്ടിലാണ് നടുക്കുന്ന വിവരങ്ങൾ ഉള്ളത്. കുട്ടിയുടെ സുരക്ഷയെ ഹനിക്കുന്ന നിരവധി കാര്യങ്ങൾ സംഭവിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. മരിക്കുന്നതിന്റെ 45 മിനിറ്റ് മുമ്പ് അഞ്ച് തവണ അമൈറ അധ്യാപകരോട് പരാതിപ്പെട്ടിരുന്നതായും സമിതി കണ്ടെത്തിയിട്ടുണ്ട്.

അമൈറ നേരിട്ടത് സഹിക്കാനാകാത്ത മാനസിക പീഡനവും അധിക്ഷേപങ്ങളുമെന്ന് സി.ബി.എസ്.ഇയുടെ അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ക്ലാസ് മുറിയില്‍ താന്‍ നേരിടുന്ന മാനസിക പീഡനങ്ങളില്‍ കുട്ടി പലവട്ടം അധ്യാപികയോട് സഹായം തേടിയെങ്കിലും യാതൊരു പിന്തുണയും ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മാത്രവുമല്ല കുട്ടിയെ സഹായിക്കുന്നതിന് പകരം അധ്യാപിക അവളോട് കയര്‍ക്കുകയും ക്ലാസില്‍ ഒറ്റപ്പെടുത്തുകയുമാണുമുണ്ടായത്. കുട്ടിയെ സഹപാഠികളില്‍ ചിലര്‍ ഭീഷണിപ്പെടുത്തുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തിരുന്നതായും ആവര്‍ത്തിച്ചുള്ള പരാതികള്‍ സ്കൂള്‍ അധികൃതര്‍ തള്ളിക്കളയുകയായിരുന്നു എന്ന് മാതാപിതാക്കളും ആരോപിച്ചു.

കുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങൾ ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ടില്‍ മരണത്തിന് മണിക്കൂറുകൾക്ക് മുന്‍പുള്ള സി.സി.ടി.വി ദൃശ്യങ്ങളില്‍ അമൈറക്ക് കുഴ​പ്പമൊന്നുമില്ലായിരുന്നു എന്ന് വ്യക്തമാക്കുന്നു. ഒരു കൂട്ടം ആൺകുട്ടികളുടെ ഭാഗത്തു നിന്ന് ചില ഇടപെടലുകള്‍ ഉണ്ടാവുകയും അതിനുശേഷമാണ് അമൈറയെ അസ്വസ്ഥയായി കാണപ്പെട്ടതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

വിദ്യാര്‍ഥികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതില്‍ സ്കൂള്‍ അധികതര്‍ പരാജയപ്പെട്ടതിന് തെളിവാണ് ഗ്രൗണ്ട് ഫ്ലോറിലെ ക്ലാസ് മുറിയിൽ നിന്ന് കെട്ടിടത്തിന്‍റെ നാലാം നിലയിലേക്ക് കുട്ടിക്ക് എത്താൻ കഴിഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അപകടങ്ങൾ തടയാൻ സ്കൂളിലെ ഉയർന്ന നിലകളിൽ സുരക്ഷ സ്റ്റീൽ വലകളും ഉണ്ടായിരുന്നില്ല.

Tags:    
News Summary - CBSE Cancels Affiliation Of Jaipur School Over Class 4 Student's Suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.