എസ്. ജയശങ്കർ വാങ് യീക്കൊപ്പം

‘ഇന്ത്യ -പാകിസ്താൻ വിഷയത്തിൽ മൂന്നാം കക്ഷിയെ ചർച്ചക്ക് വിളിക്കില്ല’; ചൈനയുടെ അവകാശവാദം തള്ളി കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യ -പാകിസ്താൻ സംഘർഷം ലഘൂകരിക്കാൻ ഇടപെട്ടെന്ന ചൈനയുടെ അവകാശവാദം വിദേശകാര്യ മന്ത്രാലയം തള്ളി. ഓപറേഷൻ സിന്ദൂറിന് പിന്നാലെ മൂന്നുദിവസം നീണ്ട സംഘർഷം പരിഹരിക്കാൻ മൂന്നാമതൊരു കക്ഷി ഇടപെട്ടിട്ടില്ല. പാകിസ്താൻ സൈനിക ജനറലിന്‍റെ അഭ്യർഥന കണക്കിലെടുത്താണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇന്ത്യയും പാകിസ്താനും ഉൾപ്പെടുന്ന ഒരു വിഷയത്തിലും ചർച്ച നടത്താൻ മൂന്നാമതൊരു കക്ഷിയെ ഉൾപ്പെടുത്തില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

ഇന്ത്യ -പാകിസ്താൻ സംഘർഷം താനാണ് അവസാനിപ്പിച്ചതെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നിരന്തരം അവകാശപ്പെടുന്നതിനിടെയാണ് ഇതേ അവകാശവാദവുമായി ചൈന രംഗത്തെത്തിയത്. ഇന്ത്യ -പാക് സംഘർഷത്തിനു പുറമെ, വടക്കൻ മ്യാൻമർ, കംബോഡി‍യ -തായ്‍ലൻഡ്, ഇറാനിലെ ആണവ പ്രശ്നം തുടങ്ങിയ വിഷയങ്ങളിലെല്ലാം ചൈന ഇടപെട്ടെന്നും ആഗോള സമാധാനമാണ് ലക്ഷ്യമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ പറഞ്ഞു.

“രണ്ടാം ലോകയുദ്ധത്തിനു ശേഷം ആഭ്യന്തര യുദ്ധങ്ങളും അതിർത്തി കടന്നുള്ള സംഘർഷങ്ങളും ഏറ്റവുമധികം റിപ്പോർട്ട് ചെയ്ത വർഷമാണിത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വ്യാപിക്കുകയാണ്. ദീർഘകാലത്തേക്ക് സമാധാനം നിലനിർത്താനായി, സംഘർഷങ്ങളുടെ കാരണം മനസ്സിലാക്കി ഇടപെടുകയാണ് ഞങ്ങൾ ചെയ്യുന്നത്. വടക്കൻ മ്യാൻമറിലെ പ്രശ്നം, ഇറാനിയൻ ആണവ പ്രതിസന്ധി, ഇന്ത്യ -പാകിസ്താൻ സംഘർഷം, ഇസ്രായേൽ -ഫലസ്തീൻ സംഘർഷം, കംബോഡിയ -തായ്‍ലൻഡ് സംഘർഷം എന്നിവയെല്ലാം പരിഹരിക്കാൻ ഞങ്ങൾ മധ്യസ്ഥത വഹിച്ചു” -വാങ് യീ ബെയ്ജിങ്ങിൽ പറഞ്ഞു.

ഇക്കഴിഞ്ഞ മേയ് ഏഴിന് ഇന്ത്യൻ സേന പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ തകര്‍ത്ത ഓപറേഷൻ സിന്ദൂറിന് പിന്നാലെയാണ് സൈനിക സംഘർഷമുണ്ടായത്. മേയ് 10ന് ഇരുരാജ്യങ്ങളിലെയും സൈനിക പ്രതിനിധികൾ തമ്മിൽ നടത്തിയ ചർച്ചക്കു പിന്നാലെയാണ് ആക്രമണം അവസാനിപ്പിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനു വിരുദ്ധമായി, താൻ ഇടപെട്ട് ചർച്ച നടത്തിയെന്ന് പലതവണ ട്രംപ് അവകാശപ്പെട്ടു. സംഘർഷത്തിനു പിന്നാലെ പാകിസ്താൻ ഭരണകൂടവും സൈനിക മേധാവി അസിം മുനീറുമായി ട്രംപ് അടുത്ത ബന്ധം പുലർത്തിയതും വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.

Tags:    
News Summary - India Firmly Rejects China's 'Mediation With Pakistan' Claim, Says No Third Party Involved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.