പ്രതീകാത്മക ചിത്രം

കുടിവെള്ള പൈപ്പിലൂ​ടെ മലിനജലം; മധ്യപ്രദേശിൽ എട്ടുപേർ മരിച്ചു, നൂറിലേ​റെ പേർക്ക് ഗുരുതരം

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ചതിനെ തുടർന്ന് എട്ട് പേർ മരിക്കുകയും നൂറിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഭഗീരഥപുര കോളനിയിൽ മുനിസിപ്പൽ പൈപ്പ് വഴി വിതരണം ചെയ്ത നർമ്മദ നദീ ജലം കുടിച്ച ശേഷമാണ് തങ്ങൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. വെള്ളം കുടിച്ചതിന് പിന്നാലെ ഇവർക്ക് ഛർദ്ദിയും വയറ് വേദനയും അനുഭവപ്പെട്ടിരുന്നതായി റിപ്പോർട്ട് ചെയ്തു.

ഡിസംബർ 25 മുതൽ മുനിസിപ്പാലിറ്റിയിൽ നിന്നും വിതരണം ചെയ്ത കുടിവെള്ളത്തിന് അസാധാരണായ മണവും രുചി വ്യത്യാസവും അനുഭവപ്പെട്ടതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. തുടർന്ന് മുനിസിപ്പൽ അധികൃതർ നടത്തിയ പരിശോധനയിൽ കുടിവെള്ള പൈപ്പിന് മുകളിലായുള്ള ഒരു ശൗചാലയത്തിൽ നിന്ന് മലിനജലം ചോർന്ന് പൈപ്പ് ലൈനിലേക്ക് കലർന്നതാണ് ദുരന്തത്തിന് കാരണമായതെന്ന് കണ്ടെത്തി. നിലവിൽ ശൗചാലയത്തിന്റെ അറ്റകുറ്റപ്പണികൾ നടന്നുവരികയാണ്.

സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി മോഹൻ യാദവ് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും ചികിത്സയിലുള്ളവരുടെ ചെലവുകൾ വഹിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് നടത്തിയ സർവേയിൽ 2,703 വീടുകളിലെ 12,000 ത്തോളം ആളുകളെ പരിശോധിച്ചു. ഇവരിൽ നേരിയ ലക്ഷണങ്ങളുള്ള 1,146 രോഗികൾക്ക് വീടുകളിൽ തന്നെ പ്രാഥമിക ചികിത്സ നൽകി. ഗുരുതരാവസ്ഥയിലുള്ള 111 രോഗികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ 18 പേരെ പിന്നീട് ഡിസ്ചാർജ് ചെയ്തു.

പ്രദേശത്തുനിന്ന് ശേഖരിച്ച കുടിവെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ടെന്ന് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫിസർ ഡോ. മാധവ് പ്രസാദ് ഹസാനി പറഞ്ഞു.

സംഭവത്തിൽ നഗരസഭാ അധികൃതർക്ക് കടുത്ത വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചു. മേയർക്കും മുനിസിപ്പൽ കമ്മീഷണർക്കുമെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

Tags:    
News Summary - 8 Dead, Over 100 Hospitalised After Drinking Contaminated Water In Madhya Pradesh's Indore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.