ഉപേന്ദ്ര ദ്വിവേദി
ന്യൂഡൽഹി: പാകിസ്താനിലും പാക്കധീന കശ്മീരിലുമായി ഭീകർക്കെതിരെ ഇന്ത്യ നടത്തിയ ‘ഓപറേഷൻ സിന്ദൂർ’ ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. പാകിസ്താൻ ഭീകരർക്ക് സഹായം നൽകുന്നത് തുടരുകയാണെങ്കിൽ ഇന്ത്യ കൂടുതൽ ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മേയിൽ 88 മണിക്കൂർ നീണ്ടുനിന്ന സൈനിക നീക്കം ഇന്ത്യയുടെ സൈനിക ശേഷിയുടെ ഒരു ചെറിയ ഭാഗം മാത്രമായിരുന്നു. യഥാർഥ നടപടികൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. ഒരു അയൽരാജ്യത്തോട് എങ്ങനെ മാന്യമായി പെരുമാറണമെന്ന് പാകിസ്താനെ പഠിപ്പിക്കാൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്ന് ജനറൽ ദ്വിവേദി ഓർമിപ്പിച്ചു.
ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നവർ വലിയ വില നൽകേണ്ടി വരും. ‘രക്തവും ജലവും ഒരുമിച്ച് ഒഴുകില്ല’ എന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, ഭീകരവാദവും ചർച്ചകളും ഒരുമിച്ച് കൊണ്ടുപോകാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഭീകരരെയും അവർക്ക് പിന്തുണ നൽകുന്നവരെയും ഒരുപോലെ നേരിടും. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ’ഓപറേഷൻ സിന്ദൂർ’ എന്ന പേരിൽ പ്രത്യാക്രമണം നടത്തിയത്. പാകിസ്താനിലെയും പാക്കധീന കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങൾ ഈ നീക്കത്തിലൂടെ ഇന്ത്യ തകർത്തിരുന്നു. ഭാവിയിൽ ഏതൊരു പ്രകോപനമുണ്ടായാലും മുമ്പത്തേക്കാൾ ശക്തവും നിർണായകവുമായ തിരിച്ചടി നൽകാൻ സൈന്യം തയാറാണെന്ന് കരസേനാ മേധാവി വ്യക്തമാക്കി.
മേയ് പത്തിന് വെടിനിർത്തൽ പ്രഖ്യാപിച്ചതിനു ശേഷവും ജമ്മു കശ്മീരിൽ അസ്വസ്ഥതകളുണ്ടെന്നും എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ജനറൽ ദ്വിവേദി പറഞ്ഞു. “2025ൽ 31 ഭീകരരെ സൈന്യം വധിച്ചു. ഇതിൽ 65 ശതമാനവും പാകിസ്താനികളാണ്. ഓപറേഷൻ മഹാദേവിലൂടെ പഹൽഗാം ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് ഭീകരരെ വകവരുത്തി. ഭീകരരെ റിക്രൂട്ട് ചെയ്യുന്നത് ഇപ്പോൾ ഏതാണ്ട് ഇല്ലാതായിരിക്കുന്നു. 2025ൽ രണ്ടുപേർ മാത്രമാണ് ഭീകരസംഘടനകളിൽ ചേർന്നത്. ജമ്മു കശ്മീരിലെ പോസിറ്റിവായ മാറ്റത്തിന്‍റെ സൂചനയാണിത്. മേഖലയിൽ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ടൂറിസം രംഗവും അഭിവൃദ്ധിപ്പെടുകയാണ്. അമർനാഥ് യാത്ര സാധാരണ ഗതിയിലായി. നാല് ലക്ഷത്തിലേറെ തീർഥാടകരാണ് ഇത്തവണ എത്തിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉയർന്ന നിരക്കാണിത്. മേഖലയൊന്നാകെ ടെററിസത്തിൽനിന്ന് ടൂറിസത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്” -കരസേന മേധാവി പറഞ്ഞു.
ഏപ്രിൽ 22നാണ് പഹൽഗാമൽ 26 പേരുടെ ജീവൻ നഷ്ടപ്പെട്ട ഭീകരാക്രമണമുണ്ടായത്. ലശ്കറെ തയ്യിബയുടെ പിന്തുണയുള്ള റെസിസ്റ്റൻസ് ഫ്രണ്ടിൽ അംഗങ്ങളായ ഭീകരർ വിനോദയാത്രക്കാർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിനു തിരിച്ചടിയായി മേയ് ഏഴിന് നടത്തിയ ഓപറേഷൻ സിന്ദൂറിൽ നൂറിലേറെ ഭീകരരെ ഇന്ത്യൻ സേന വധിച്ചു. പിന്നാലെ അതിർത്തിയിൽ വ്യാപകമായി പാകിസ്താൻ സൈന്യം ഡ്രോണാക്രമണമുൾപ്പെടെ നടത്തി. ഇന്ത്യ കൃത്യമായി പ്രതിരോധിക്കുകയും പ്രത്യാക്രമണം നടത്തുകയും ചെയ്തു. വലിയ യുദ്ധത്തിലേക്ക് കടന്നേക്കുമെന്ന ഭീതിക്കിടെ, മേയ് പത്തിന് ഇരു രാജ്യത്തെയും സൈനികോദ്യോഗസ്ഥർ നടത്തിയ ചർച്ചക്കു പിന്നാലെ വെടിനിർത്തൽ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.