ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഈയുടെ വധത്തിൽ കേന്ദ്ര സർക്കാറിന്റെ മൗനത്തെ അതിരൂക്ഷമായി വിമർശിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി. ഖാംനഈ വധത്തിലെ നിശ്ശബ്ദത നിഷ്പക്ഷമല്ലെന്നും ഉത്തരവാദിത്തത്തിൽനിന്നുള്ള ഒളിച്ചോട്ടമാണെന്നും തലക്കെട്ടിട്ട് ‘ഇന്ത്യൻ എക്സ്പ്രസ്’ ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് സോണിയ ഗാന്ധിയുടെ രൂക്ഷ വിമർശനം.
ഈ കൊലപാതകമുണ്ടാക്കിയ ഞെട്ടലിനപ്പുറം ന്യൂഡൽഹിയുടെ നിശ്ശബ്ദതയും മയമില്ലാത്തതായെന്ന് സോണിയ പറയുന്നു. ഒരു വിദേശ നേതാവിനെ കരുതിക്കൂട്ടി കൊലപ്പെടുത്തുമ്പോൾ, നമ്മുടെ രാജ്യത്തുനിന്നുകൊണ്ട് ആ രാജ്യത്തിന്റെ പരമാധികാരത്തെയും അന്തർദേശീയ നിയമങ്ങളെയും കൃത്യമായും പ്രതിരോധിക്കുന്നില്ലെങ്കിൽ നമ്മുടെ വിദേശ നയത്തിന്റെ ദിശയും വിശ്വാസ്യതയും സംബന്ധിച്ച് ഗുരുതരമായ സംശയങ്ങളുയരുന്നുണ്ട്. സന്ധി സംഭാഷണങ്ങൾക്കിടയിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളില്ലാതെയായിരുന്നു ഈ കൊലപാതകം. ഈ സമയത്തെ നിശ്ശബ്ദത നിഷ്പക്ഷമല്ല.
സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം നിരവധി മനുഷ്യരുടെ ജീവനെടുത്ത ഗസ്സ സംഘർഷം ആഗോള സമൂഹത്തിന്റെ രോഷം ക്ഷണിച്ചുവരുത്തിയ ഘട്ടത്തിൽ ബിന്യമിൻ നെതന്യാഹു സർക്കാറിനുള്ള അർഥശങ്കക്കിടയില്ലാത്ത പിന്തുണ ആവർത്തിച്ച് പ്രധാനമന്ത്രി ഇസ്രായേലിൽനിന്ന് മടങ്ങിയത് ഈ കൊലപാതകത്തിന്റെ 48 മണിക്കൂർ മുമ്പാണെന്ന് സോണിയ ഓർമിപ്പിച്ചു. ഇതിന്റെ പ്രത്യാഘാതങ്ങൾ ഭൗമ രാഷ്ട്രീയത്തിനപ്പുറത്തേക്ക് കടക്കും. ഭൂഖണ്ഡങ്ങൾക്കപ്പുറത്തും ഈ ദുരന്തത്തിന്റെ അനുരണനങ്ങൾ ദൃശ്യമാണ്.
ഒരു കോടി ഇന്ത്യക്കാർ ഗൾഫിലുണ്ട്. ഗൾഫ് യുദ്ധം, ഇറാഖ്, യമൻ, സിറിയ സംഘർഷങ്ങൾ എന്നിവയിലെല്ലാം സ്വന്തം പൗരന്മാരെ ഇന്ത്യക്ക് രക്ഷിക്കാനായത് ആരുടെയും പിണിയാളല്ലാത്ത സ്വതന്ത്ര നിലപാടുള്ള രാജ്യം എന്ന വിശ്വാസ്യതയിലാണ്. ഈ വിശ്വാസ്യത അവിചാരിതമായി ഉണ്ടായ ഒന്നല്ല. സ്വാതന്ത്ര്യ ലബ്ധി തൊട്ട് തുടർന്ന ചേരിചേരാ നയത്തിലൂടെ രൂപപ്പെടുത്തിയ വിദേശ നയത്തിലൂടെ നേടിയെടുത്തതാണത്. വൻ ശക്തികളുടെ ശത്രുതയിൽ ഭാഗമാകാൻ വിസമ്മതിക്കലായിരുന്നു ആ വിശ്വാസ്യത. ആ നിലപാടിൽ വെള്ളം ചേർത്തുവോയെന്ന സുഖകരമല്ലാത്ത ചോദ്യമാണ് ഇപ്പോൾ ഉയരുന്നതെന്നും സോണിയ കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ളവർ ലേഖനം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.