ന്യൂഡൽഹി: സി.ബി.എസ്.ഇ പരീക്ഷ നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചയിൽ ഉദ്യോഗസ്ഥർക്കെതിരെ മാത്രമുള്ള നടപടി യഥാർഥ ഉത്തരവാദിയായ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ സംരക്ഷിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉദ്യോഗസ്ഥരെ മാറ്റി മന്ത്രിയെ രക്ഷിക്കുന്ന ഇത്തരം നടപടികൾ യഥാർഥ ഉത്തരവാദിത്തമല്ലെന്നും ഇതൊരു ഒളിച്ചുകളി മാത്രമാണെന്നും രാഹുൽ എക്സിൽ കുറിച്ചു.
പ്രധാനമന്ത്രിക്ക് 18.5 ലക്ഷം വിദ്യാർഥികളുടെ കാര്യത്തിൽ യഥാർഥത്തിൽ ആശങ്കയുണ്ടായിരുന്നെങ്കിൽ ധർമേന്ദ്ര പ്രധാനെ എപ്പോഴേ സ്ഥാനത്തുനിന്ന് നീക്കുമായിരുന്നു. വിഷയത്തിൽ സ്വതന്ത്രമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും രാഹുൽ ആവശ്യപ്പെട്ടു. ‘സി.ബി.എസ്.ഇ (CBSE) ചെയർമാനെ മാറ്റി. സി.ബി.എസ്.ഇ സെക്രട്ടറിയെ മാറ്റി. ഒരു ഏകാംഗ 'അന്വേഷണ' സമിതി രൂപവത്കരിച്ചു. എന്നാൽ യഥാർഥ കുറ്റവാളിയായ ധർമേന്ദ്ര പ്രധാൻ സുരക്ഷിതനാണ്. ഉദ്യോഗസ്ഥരെ നീക്കം ചെയ്തു, മന്ത്രിയെ ഒഴിവാക്കി. ഇതൊരു ഉത്തരവാദിത്തമല്ല, മറിച്ച് ഒരു ഒളിച്ചുകളിയാണ്. ഞങ്ങളുടെ ആവശ്യം ഇന്നും അതേപടി തുടരുന്നു: വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കുകയും സ്വതന്ത്രമായ ജുഡീഷ്യൽ അന്വേഷണം നടത്തുകയും വേണം -അനായാസം തള്ളിക്കളയാൻ ഇത് മോദി സർക്കാറിന്റെ മാസം പഴക്കമുള്ള ആഭ്യന്തര ഫയലുകളല്ല. പ്രധാനമന്ത്രിക്ക് 18.5 ലക്ഷം സി.ബി.എസ്.ഇ വിദ്യാർഥികളുടെ കാര്യത്തിൽ ആശങ്ക ഉണ്ടായിരുന്നെങ്കിൽ ധർമേന്ദ്ര പ്രധാനെ നേരത്തെ തന്നെ നീക്കുമായിരുന്നു’ -രാഹുൽ എക്സിൽ കുറിച്ചു.
പരീക്ഷ നടത്തിപ്പിലെ വീഴ്ചയിൽ സി.ബി.എസ്.ഇ ബോർഡ് ചെയർമാനെയും സെക്രട്ടറിയെയും അടിയന്തരമായി സ്ഥലം മാറ്റി മുഖംരക്ഷിക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാറിന്‍റെ ഭാഗത്തുനിന്നുണ്ടായത്. ചെയർമാൻ രാഹുൽ സിങ്, സെക്രട്ടറി ഹിമാൻഷു ഗുപ്ത എന്നിവരെയാണ് തൽസ്ഥാനത്തുനിന്ന് നീക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരമാണ് നടപടി. ഡിജിറ്റൽ മൂല്യനിർണയത്തിലെ (ഓൺ സ്ക്രീൻ മാർക്കിങ്) പിഴവിനെ തുടർന്നാണ് നടപടി. വീഴ്ച അന്വേഷിക്കാൻ ഏകാംഗ സമിതിയും രൂപവത്കരിച്ചു. കപ്പാസിറ്റി ബിൽഡിങ് കമീഷൻ (സി.ബി.സി) ചെയർപേഴ്സൺ എസ്. രാധാ ചൗഹാനാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. സി.ബി.എസ്.ഇയുടെ മൂല്യനിർണയ രീതികളെക്കുറിച്ചും പരീക്ഷാ ഫലത്തിനുശേഷമുള്ള തുടർനടപടികളെക്കുറിച്ചും രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് കേന്ദ്ര ഇടപെടൽ.
സി.ബി.എസ്.ഇ 12ാം ക്ലാസ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് വിവാദം. ഓൺ സ്‌ക്രീൻ മാർക്കിങ്ങിനായി ഉപയോഗിച്ച സോഫ്റ്റ്‌വെയറിലെ പിഴവാണ് മൂല്യനിർണയത്തെ ഗുരുതരമായി ബാധിച്ചത്. പിന്നാലെ റീവാല്യുവേഷൻ വേളയിൽ ലഭിച്ച ഉത്തരക്കടലാസുകൾ തങ്ങളുടേതല്ലെന്ന് പറഞ്ഞ് വിദ്യാർഥികൾ രംഗത്തുവന്നതും കേന്ദ്ര സർക്കാറിനെ പ്രതിരോധത്തിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.