സിക്കിമിൽ തുരങ്കപ്പാത അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നു
ഗാങ്ടോക്: സിക്കിമിലെ നാംചി ജില്ലയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് 20 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ പദ്ധതിയിലെ ഉദ്യോഗസ്ഥരും തൊഴിലാളികളും അടക്കം 25 പേരാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയത്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
സമർദംഗിലെ ജൂലുങ്കെയിൽ തീസ്ത ജലവൈദ്യുതി പദ്ധതിയുടെ നിർമാണത്തിലിരുന്ന തുരങ്കമാണ് മണ്ണിടിച്ചിലിനെ തുടർന്ന് തകർന്നതെന്ന് സിക്കിം മുഖ്യമന്ത്രി പ്രേംസിങ് തമാംഗ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 9.30 വരെ 10 മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതിൽ ഏഴുപേരെ തിരിച്ചറിഞ്ഞു.
തിരിച്ചറിയാത്ത മൂന്ന് മൃതദേഹങ്ങൾ ജില്ല ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഏഴുപേരിൽ നാലുപേർ പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ നിന്നുള്ളവരാണ്. അസം, പഞ്ചാബ്, ഉത്തരാഖണ്ഡിലെ ഡറാഡൂൺ എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും ഒരാൾ സിക്കിം നാംചി സ്വദേശിയുമാണ്.
ജീവൻ നഷ്ടപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും രക്ഷാപ്രവർത്തനം നേരിട്ട് നിരീക്ഷിച്ചുവരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിച്ചതായും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തുവെന്നും തമാംഗ് അറിയിച്ചു.
തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ മൃതദേഹങ്ങൾ പുറത്തെടുക്കാൻ നാംചി ജില്ല ഭരണകൂടം ശ്രമം തുടരുകയാണ്. തുരങ്കത്തിനുള്ളിലെ വാതകസാന്നിധ്യം രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കുന്നുണ്ട്. ഇതുമൂലം രക്ഷാപ്രവർത്തകർക്ക് ബോധക്ഷയം ഉണ്ടാകുന്നതായും റിപ്പോർട്ടുണ്ട്.
ന്യൂഡൽഹി: സിക്കിമിലെ തീസ്ത ജലവൈദ്യുതി പദ്ധതി പ്രദേശത്ത് നിർമാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ സ്ഫോടനത്തിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പൊതുമേഖലാ സ്ഥാപനമായ എൻ.എച്ച്.പി.സി അറിയിച്ചു. അപകടത്തിൽ 10 പേർ മരിച്ചിരുന്നു.
25 ജീവനക്കാരാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയത്. ഇതിൽ 10 മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് എൻ.എച്ച്.പി.സി പ്രസ്താവനയിൽ പറഞ്ഞു. ദക്ഷിണ സിക്കിമിലെ സമർദംഗിലുള്ള തീസ്ത ജലവൈദ്യുതി പദ്ധതിയുടെ നിർമാണത്തിലിരുന്ന ഹെഡ് റേസ് ടണലിൽ ജൂലൈ 20ന് ഉച്ചക്കാണ് അപകടമുണ്ടായത്. പാറകൾക്കുള്ളിലെ മീഥെയ്ൻ വാതകം പെട്ടെന്ന് പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് സ്ഫോടനമുണ്ടായത്. രക്ഷാപ്രവർത്തനം ഉറപ്പാക്കുന്നതിന് തങ്ങളുടെ സൈറ്റ് എൻജിനീയറിങ് ടീമുകൾ അധികൃതർക്കൊപ്പം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്തുമെന്നും എൻ.എച്ച്.പി.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.