ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി കോക്രോച്ച് ജനതാപാർട്ടി. അതേസമയം, അനുനയ നീക്കവുമായി കേന്ദ്രസർക്കാറും രംഗത്ത് എത്തിയിട്ടുണ്ട്. നീറ്റ് വിഷയത്തിലും വിദ്യാർഥികളുടെ ആശങ്കകളിലും പാർലമെന്റിൽ ചർച്ചക്ക് തയ്യാറാണെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ആശുപത്രതിയിൽ പ്രവേശിപ്പിച്ച പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര സിങും നേരിട്ടെത്തി സന്ദർശിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഗുഡ്‌ഗാവിലെ മെദാന്ത ആശുപത്രിയിലാണ് വാങ്ചുക്കിനെ പ്രവേശിപ്പിച്ചത്. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് സഫ്ദർജംഗ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത ശേഷമാണ്അദ്ദേഹത്തെ മെദാന്തയിലേക്ക് മാറ്റിയത്.
ചൊവ്വാഴ്ച രാത്രി 7.30-ഓടെ കനത്ത സുരക്ഷാ സജ്ജീകരണങ്ങളോടെ ആംബുലൻസിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ആന്തരിക രോഗ വിദഗ്ധയായ ഡോ. സുശീല കതാരിയയുടെ മേൽനോട്ടത്തിൽ ഐ.സി.യു 8ലാണ് വാങ്‌ചുക്ക് നിലവിലുള്ളത്.
അതേസമയം, നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും രൂക്ഷവിമർശനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രംഗത്ത് എത്തി. വിദ്യാർഥികളുടെ വിഷയത്തിൽ പരിഹാരം കാണുന്നതിന് പകരം, പാർലമെന്റിന്റെ മൺസൂൺ സമ്മേളനം തടസ്സപ്പെടുത്തി വാർത്തകളിൽ ഇടംനേടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ‘ചലോ സൻസദ്’ മാർച്ചിന് ശേഷം കേന്ദ്ര മന്ത്രി നൽകുന്ന ആദ്യ പരസ്യ പ്രതികരണമാണിത്. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാനും സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിക്കാനുമാണെന്ന് പ്രധാൻ എക്‌സിലൂടെ കുറ്റപ്പെടുത്തി.
വിദ്യാർഥികളുടെ ഭാവി മുൻനിർത്തിയുള്ള പരിഹാരമല്ല അവരുടെ ലക്ഷ്യം, മറിച്ച് രാഷ്ട്രീയ നേട്ടങ്ങൾക്കായുള്ള തടസ്സപ്പെടുത്തലുകൾ മാത്രമാണ്. വിദ്യാർത്ഥികളെ രാഷ്ട്രീയ പ്രചാരണത്തിനുള്ള ആയുധങ്ങളാക്കുന്നതിനേക്കാൾ മികച്ച പരിഗണന അവർ അർഹിക്കുന്നുണ്ട്’ - ധർമ്മേന്ദ്ര പ്രധാൻ എക്സിൽ കുറിച്ചു.
അതിനിടെ കഴിഞ്ഞ ദിവസം പൊലീസ് സമരവേദി ഒഴിപ്പിച്ചെങ്കിലും സമരക്കാർ രാത്രി വൈകി ഒത്തുകൂടുകയായിരുന്നു. പൊലീസ് നടപടികൾക്കും കനത്ത മഴക്കും അവരുടെ സമരവീര്യം കെടുത്താനായില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവെക്കണമെന്ന ആവശ്യമാണ് സമരക്കാർ ഉന്നയിക്കുന്നത്.
പ്രതിഷേധ സമരം ചൊവ്വാഴ്ച 24 ദിവസം പിന്നിട്ടു. പൊതുജനങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രം അവഗണിക്കുകയാണെന്നും ബി.ജെ.പി അഹങ്കാരത്തോടെയുള്ള സമീപനമാണ് പുലർത്തുന്നതെന്നും സമരക്കാർ ആരോപിച്ചു. പ്രക്ഷോഭകർ ജന്തർ മന്തറിലെ വേദി വീണ്ടും കൈയടക്കി സമരം തുടർന്നതോടെ പാർലമെന്‍റിലേക്കുള്ള പാതയിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തി. പാർലമെന്‍റിലേക്ക് മാർച്ച് നടത്താൻ വീണ്ടും സമരക്കാർ ശ്രമിച്ചേക്കുമെന്നുള്ള കണക്കുകൂട്ടലിൽ സുപ്രധാന സ്ഥലങ്ങളിലെല്ലാം കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളും സമരവേദിയിലേക്ക് എത്താൻ സാധ്യതയുള്ളതിനാൽ, ഏത് സാഹചര്യവും നേരിടാൻ പൊലീസ് ജാഗ്രത പുലർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.