മോദിയുടെ വീട്ടുപടിക്കൽ സമരത്തിന് വന്ന് തെറ്റായ കീഴ്വഴക്കമുണ്ടാക്കി; രാഹുലിനെതിരെ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വീട്ടു പടിക്കൽ സമരം നടത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമരങ്ങളുടെ കാര്യത്തിൽ തെറ്റായ കീഴ്വഴക്കം സൃഷ്ടിച്ചുവെന്ന് കേന്ദ്ര സർക്കാർ. നീറ്റ് വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അതുമായി ബന്ധപ്പെട്ട പ്രക്ഷോഭവും പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങ് പറഞ്ഞു.

എന്നിട്ടും ധർണ അവസാനിപ്പിക്കണമെന്ന തന്റെ അഭ്യർഥന രാഹുൽ ഗാന്ധി അംഗീകരിച്ചില്ല. പകരം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നും സിങ് വ്യക്തമാക്കി. രാഹുൽ ഗാന്ധിയെപ്പോലുള്ള ഒരു മുതിർന്ന നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ ഒരാൾ നൽകിയ വാക്കിൽ നിന്ന് പിന്മാറുന്നത് ദൗർഭാഗ്യകരവും ജനാധിപത്യത്തിന്റെ എല്ലാ മര്യാദകൾക്ക് വിരുദ്ധവുമാണ്. ഈ പെരുമാറ്റം ജനാധിപത്യ തത്വങ്ങളോട് യോജിക്കുന്നതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജന്തർ മന്തറിൽ പ്രക്ഷോഭം തുടർന്ന് സി.ജെ.പി

ന്യൂഡൽഹി: തിങ്കളാഴ്ചത്തെ പ്രക്ഷുബ്‍ധമായ പാർലമെന്‍റ് മാർച്ചിനെ തുടർന്ന് ജന്തർ മന്തറിൽ സമരം പുനരാരംഭിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). പൊലീസ് സമരവേദി ഒഴിപ്പിച്ചെങ്കിലും സമരക്കാർ രാത്രി വൈകി ഒത്തുകൂടുകയായിരുന്നു. പൊലീസ് നടപടികൾക്കും കനത്ത മഴക്കും അവരുടെ സമരവീര്യം കെടുത്താനായില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവെക്കണമെന്ന ആവശ്യമാണ് സമരക്കാർ ഉന്നയിക്കുന്നത്.

പ്രതിഷേധ സമരം ചൊവ്വാഴ്ച 24 ദിവസം പിന്നിട്ടു. പൊതുജനങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രം അവഗണിക്കുകയാണെന്നും ബി.ജെ.പി അഹങ്കാരത്തോടെയുള്ള സമീപനമാണ് പുലർത്തുന്നതെന്നും സമരക്കാർ ആരോപിച്ചു. പ്രക്ഷോഭകർ ജന്തർ മന്തറിലെ വേദി വീണ്ടും കൈയടക്കി സമരം തുടർന്നതോടെ പാർലമെന്‍റിലേക്കുള്ള പാതയിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തി. പാർലമെന്‍റിലേക്ക് മാർച്ച് നടത്താൻ വീണ്ടും സമരക്കാർ ശ്രമിച്ചേക്കുമെന്നുള്ള കണക്കുകൂട്ടലിൽ സുപ്രധാന സ്ഥലങ്ങളിലെല്ലാം കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളും സമരവേദിയിലേക്ക് എത്താൻ സാധ്യതയുള്ളതിനാൽ, ഏത് സാഹചര്യവും നേരിടാൻ പൊലീസ് ജാഗ്രത പുലർത്തുന്നുണ്ട്.

അതിനിടെ, തിങ്കളാഴ്ചത്തെ അക്രമസംഭവങ്ങളും വാഹനങ്ങൾ തകർത്തതും മുൻനിർത്തി കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ തിരിച്ചറിയാത്ത വ്യക്തികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. 100ലധികം പൊലീസുകാർക്കും അർധസേനാ ജവാന്മാർക്കുമാണ് അക്രമങ്ങളിലും സമരക്കാരുമായുള്ള ഏറ്റുമുട്ടലുകളിലും പരിക്കേറ്റത്. സംഭവത്തിൽ എഴുപതോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ളവർ വിദ്യാർഥികളല്ലെന്നും അവരുടെ വിശദാംശങ്ങൾ ശേഖരിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Govt slam Congress protest outside PM's residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.