തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

നീറ്റ് പൂർണമായും റദ്ദാക്കണം, മെഡിക്കൽ പ്രവേശനം സംസ്ഥാനങ്ങൾക്ക് കൈമാറണം; ടി.വി.കെ

ചെന്നൈ: നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം. സംസ്ഥാനങ്ങളെ മെഡിക്കൽ പ്രവേശനം നടത്താൻ അനുവദിക്കണമെന്നും, സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ വിദ്യാഭ്യാസം കൂടുതൽ ശക്തമായി ഉൾപ്പെടുത്തണമെന്നും ടി.വി.കെ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽനിന്ന് സംസ്ഥാന ലിസ്റ്റിലേക്ക് മാറ്റണ​മെന്നും പറഞ്ഞു.

ഡൽഹിയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിദ്യാർഥി പ്രതിഷേധം തുടരുന്നതിനിടെ, ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് ‘വിട്ടുവീഴ്ചയില്ലാത്തതും ഉറച്ചതുമാണെന്നും’ ടി.വി​.കെ വ്യക്തമാക്കി. നീറ്റ് യു.ജി 2026 ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കേണ്ടിവന്ന സാഹചര്യം ദേശീയതലത്തിലുള്ള പ്രവേശന പരീക്ഷാ സംവിധാനത്തിന്റെ പോരായ്മകൾ തുറന്നുകാട്ടിയെന്ന് ടി.വി.കെ ആരോപിച്ചു. പരീക്ഷ റദ്ദാക്കിയത് രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായെന്നും പാർട്ടി ചൂണ്ടിക്കാട്ടി.

തമിഴ്നാട് സർക്കാർ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യം ആവർത്തിച്ച ടി.വി.കെ, എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുഷ് കോഴ്സുകളിലെ സംസ്ഥാന ക്വാട്ട സീറ്റുകളിലെ പ്രവേശനം സംസ്ഥാനങ്ങൾക്ക് നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു. ഗ്രാമീണ മേഖലകളിലെ വിദ്യാർഥികൾ, സർക്കാർ സ്കൂൾ വിദ്യാർഥികൾ, തമിഴ് മാധ്യമത്തിൽ പഠിച്ചവർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾ എന്നിവരെ നീറ്റ് പ്രതികൂലമായി ബാധിക്കുന്നുവെന്നും പാർട്ടി ചൂണ്ടിക്കാട്ടി.

അ​തേസമയം, തമിഴ്നാട് സെക്രട്ടേറിയറ്റിന് മുന്നിൽ അപ്രതീക്ഷിത പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ തമിഴ് റാപ് ഗായകനും സാമൂഹിക പ്രവർത്തകനുമായ റാപ്പർ അറിവ് ഉൾപ്പെടെ അഞ്ച് പേരെ ചെന്നൈ പൊലീസ് ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തു. നീറ്റ് പരീക്ഷ (നാഷണൽ എലിജിബിലിറ്റി കം-എൻട്രൻസ് ​ട്രസ്റ്റ്) പൂർണമായും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിച്ച ഇവരെ പൊലീസ് തടയുകയായിരുന്നു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തതെന്നും ഇവരെ സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. പിന്നീട്, മുഖ്യമന്ത്രി സി. ജോസഫ് വിജയ്നെ കാണാൻ റാപ്പർ അറിവിന് അനുമതി നൽകി.

അതേസമയം, റാപ്പർ അറിവിനെ കസ്റ്റഡിയിലെടുത്തതിനെ ശക്തമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. നീറ്റിനെതിരെ ശബ്ദമുയർത്തിയതിനാണ് റാപ്പർ അറിവിനെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. അറിവിന്റെ ശബ്ദം രാജ്യത്തെയും തമിഴ്നാട്ടിലെയും ലക്ഷക്കണക്കിന് വിദ്യാർഥികളുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും ഉദയനിധി ‘എക്സി’ൽ കുറിച്ചു.

Tags:    
News Summary - TVK calls for scrapping NEET

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.