ഒഡിഷ കോടതിയിലെ അക്രമ സമരം; 29 അഭിഭാഷകർക്ക് സസ്പെൻഷൻ

ഭുവനേശ്വർ: ഒഡിഷയിലെ സംഭൽപൂർ കോടതിയിൽ അക്രമാസക്ത സമരത്തിന് നേതൃത്വം നൽകിയ 29 അഭിഭാഷകരുടെ ലൈസൻസ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ സസ്പെൻഡ് ചെയ്തു. ഒന്നര വർഷത്തേക്കാണ് സസ്പെൻഷൻ. കഴിഞ്ഞ മാസമുണ്ടായ സമരത്തിൽ ജഡ്ജിമാരെ അസഭ്യം പറഞ്ഞതിനും പൊലീസിനെ ആക്രമിച്ചതിനും കോടതി നടപടികൾ തടസപ്പെടുത്തിയതിനും അഭിഭാഷകർക്കെതിരെ കേസെടുത്തിട്ടുമുണ്ട്. സംഭൽപൂർ ജില്ല ബാർ അസോസിയേഷൻ പ്രസിഡന്‍റ് സുരേശ്വർ മിശ്രയും നടപടി നേരിട്ടവരിലുൾപ്പെടും.

സമരത്തിന്‍റെ ഭാഗമായി ജഡ്ജിമാരുടെ കോലം കത്തിച്ച അഭിഭാഷകർ കോടതി മുറിയിലേക്ക് ഇരച്ചുകയറി കമ്പ്യൂട്ടറുകളും മേശകളും തകർത്തിരുന്നു. ഇതിന്‍റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.

അഭിഭാഷകരുടെ അക്രമത്തിൽ തിങ്കളാഴ്ച സുപ്രീംകോടതി കടുത്ത അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. അഭിഭാഷകർ അക്രമം കാട്ടുമ്പോൾ പൊലീസ് എന്തു ചെയ്യുകയായിരുന്നെന്ന് കോടതി ചോദിച്ചു. ആരെയും കസ്റ്റഡിയിലെടുക്കാതിരുന്നത് എന്തുകൊണ്ട്. പൊലീസിന് സാധിക്കുന്നില്ലെങ്കിൽ അർധസൈനികരെ വിന്യസിപ്പിക്കാം. ശക്തമായ നടപടി വേണം -സുപ്രീംകോടതി നിർദേശിച്ചു.

ഹൈകോടതി ബെഞ്ച് സംഭൽപൂരിൽ സ്ഥാപിക്കുക, നാഷണൽ ബാർ കൗൺസിലിന്‍റെയും സംസ്ഥാന ബാർ കൗൺസിലിന്‍റെയും ഏകപക്ഷീയ തീരുമാനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായായിരുന്നു അഭിഭാഷകരുടെ സമരം. സമരം അവസാനിപ്പിക്കണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഒരു അഭിഭാഷകനെ പോലും സസ്പെൻഡ് ചെയ്താൽ ബാർ അസോസിയേഷനിലെ 1600 അഭിഭാഷകരും ലൈസൻസ് സറണ്ടർ ചെയ്യുമെന്ന് അസോസിയേഷൻ പ്രസിഡന്‍റ് സുരേശ്വർ മിശ്ര പറഞ്ഞു. 

Tags:    
News Summary - Odisha Lawyers Strike BCI Suspends Licenses Of 29 Protesting Lawyers Of Sambalpur For 18 Months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.