സിസ്റ്റർ എൽസിന  Photo: thenewsminute

മഠത്തിനെതിരെ പരാതിപ്പെട്ട കന്യാസ്ത്രീയെ മനോരോഗിയെന്ന് മുദ്രകുത്തി: 'മയക്കുമരുന്ന് കുത്തിവെച്ചു, വലിച്ചിഴച്ചു​'

ബംഗളൂരു: മൈസൂരുവിലെ 'ഡോട്ടേഴ്‌സ് ഓഫ് അവര്‍ ലേഡി ഓഫ് മെഴ്‌സി' സഭയുടെ മഠത്തിലെ അന്യായങ്ങൾ ചൂണ്ടിക്കാട്ടിയ മലയാളി കന്യാസ്ത്രീക്ക് പീഡനം. വനിതാ കമീഷന് നൽകിയ പരാതി പിൻവലിക്കണമെന്ന് ആവശ്യം നിരസിച്ച കന്യാസ്ത്രീയെ മനോരോഗിയെന്ന് മുദ്രകുത്തി മാനസികാരോഗ്യ ആശുപത്രിയിലാക്കി. വലിച്ചിഴച്ചാണ് കൊണ്ടുപോയതെന്നും മയക്കുമരുന്ന് കുത്തിവെച്ചുവെന്നും കന്യാസ്ത്രീ പറയുന്നു.

മൈസൂരു ശ്രീരാംപുര മഠത്തിലെ മലയാളിയായ സിസ്റ്റര്‍ എല്‍സിനയാണ് ക്രൂരത നേരിടുന്നത്. മംഗളൂരു കാര്‍ക്കളയിലാണ് സിസ്റ്ററിന്റെ കുടുംബം താമസിക്കുന്നത്. അച്ഛന്റെ നാട് കോഴിക്കോടും അമ്മയുടെത് എറണാകുളവുമാണ്.

മാനസികാരോഗ്യ ആശുപത്രിയിലാക്കിയ കന്യാസ്ത്രീയെ ഒടുവില്‍ ബന്ധുക്കളും പൊലീസും ഇടപെട്ടാണ് പുറത്തിറക്കിയത്. ഇവർ ഇപ്പോൾ മൈസൂരുവിലെ ബന്ധുവീട്ടിലാണ്. ഫോണും വസ്ത്രങ്ങളും മഠം അധികൃതർ പിടിച്ചുവെച്ചിരിക്കുകയാണ്.

മഠത്തില്‍ നടക്കുന്ന അന്യായങ്ങളെക്കുറിച്ച് കന്യാസ്ത്രീ കര്‍ണാടക വനിതാ ശിശുക്ഷേമ വകുപ്പിന് കത്തെഴുതിയിരുന്നു. ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പീഡനമുണ്ടായതായി സിസ്റ്റർ പറയുന്നു. തുടർന്ന് ജീവനില്‍ പേടിയുണ്ടെന്ന് പറയുന്ന വിഡിയോ സഹോദരങ്ങള്‍ക്ക് അയച്ചുകൊടുത്തു. ഇതോടെ മേയ് 31ന് രാത്രി ഏഴുമണിയോടെ മഠത്തിനോട് ചേര്‍ന്നുള്ള ചാപ്പലില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ചിലർ വന്ന് കന്യാസ്ത്രീയെ മർദിച്ച് അടുത്തുള്ള മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചുവത്രേ. കന്യാസ്ത്രീകള്‍ നടത്തുന്നതാണ് ഈ ആശുപത്രി.

പിന്നീട് പിതാവും ബന്ധുക്കളും എത്തി പൊലീസിന്റെ സഹായത്തോടെ രക്ഷപ്പെടുത്തുകയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതിനാല്‍ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തിങ്കളാഴ്ച രാവിലെ ഡിസ്ചാര്‍ജ് ആയി. ആശുപത്രിയില്‍ നിന്നിറങ്ങിയശേഷം പൊലീസിന്റെ ഒപ്പം മഠത്തിലെത്തി വസ്ത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും സമ്മതിച്ചില്ല. ഒടുവില്‍ പൊലീസിന്റെ നിര്‍ദേശപ്രകാരമാണ് ബന്ധുവീട്ടില്‍ എത്തിയത്. അശോകപുരം പൊലീസിലാണ് പരാതി കൊടുത്തത്.

അതേസമയം, മനോരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ കുറിച്ചും മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിനെ കുറിച്ചും അറിയില്ലെന്നാണ് മഠം അധികൃതര്‍ പറയുന്നതെന്ന് കന്യാസ്ത്രീ പറഞ്ഞു.

അതേസമയം, ചൊവ്വാഴ്ച രാവിലെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനൊപ്പം മഠത്തിന്റെ മുന്നില്‍ സിസ്റ്റര്‍ എല്‍സിന എത്തിയെങ്കിലും മഠത്തില്‍ തിരികെ പ്രവേശിപ്പിച്ചില്ല. കോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കുകയാണെന്ന് സിസ്റ്റര്‍ എല്‍സിന പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ മഠത്തിനു മുന്നിലെത്തിയപ്പോള്‍ അകത്ത് പ്രവേശിക്കാന്‍ അനുമതി വേണമെന്ന് അധികൃതർ പറഞ്ഞുവത്രേ. പരിസരത്ത് പൊലീസുകാര്‍ ഉണ്ടായിരുന്നു. എന്നാൽ ഇടപെടാതായതോടെ അശോകപുരം പൊലീസ് സ്‌റ്റേഷനിലെത്തി പരാതിയില്‍ നടപടിവേണമെന്ന് ആവശ്യപ്പെട്ടു. സമാധാന ചര്‍ച്ചക്കെന്നപേരില്‍ മഠത്തിലെ നാല് മുതിര്‍ന്ന കന്യാസ്ത്രീകളെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. പക്ഷേ, മഠത്തില്‍ തിരികെ എടുക്കുന്ന കാര്യത്തില്‍ തീരുമാനം ആയില്ലെന്നും മൊബൈല്‍ ഫോണ്‍ തിരികെ തരാന്‍ തയാറായില്ലെന്നും സിസ്റ്റര്‍ എല്‍സിന പറഞ്ഞു.

അതിനിടെ സിസ്റ്റര്‍ എല്‍സിനക്കെതിരെ മഠം അധികൃതരും പൊലീസില്‍ പരാതി നല്‍കി. ചൊവ്വാഴ്ചയും ബന്ധുവീട്ടില്‍ തങ്ങുമെന്നും ഇനി എന്തുചെയ്യുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും സിസ്റ്റര്‍ എല്‍സിന പറഞ്ഞു. 

Tags:    
News Summary - Nun alleges torture, Mysuru congregation forcibly sent her to psychiatric hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.