കൊൽക്കത്ത: സി.ബി.ഐക്കെതിരെ പരാമർശം നടത്തിയ ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷിന് താക്കീതുമായി ബി.ജെ.പി കേന്ദ്ര നേതൃത്വം. ഭാവിയിൽ ഇത്തരം പ്രസ്താവനകൾക്ക് മുതിരരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി ചില സി.ബി.ഐ ഉദ്യോഗസ്ഥർ കൈകോർത്തുവെന്നായിരുന്നു ഘോഷിന്റെ ആരോപണം.കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിൽ 60 ഓളം ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ടു. ഇതിനെതിരെ സി.ബി.ഐ എന്തു ചെയ്തുവെന്നും ഘോഷ് ചോദിക്കയുണ്ടായി.
എന്നാൽ ഘോഷിന്റെ പരാമർശങ്ങളിൽ നിലപാട് സ്വീകരിക്കാതെ സംസ്ഥാന ബി.ജെ.പി ഘടകം ദേശീയ ഘടകത്തെ അറിയിക്കുകയായിരുന്നു. ദിലീപ് ഘോഷിന്റെത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ അറിയിക്കുകയും ചെയ്തു.
സി.ബി.ഐ ഉദ്യോഗസ്ഥർക്ക് തൃണമൂൽ കോൺഗ്രസുമായി വഴിവിട്ട ബന്ധമുണ്ടായതിനാൽ പശ്ചിമ ബംഗാളിലെ അഴിമതി കേസുകൾ അന്വേഷിക്കാനും വേഗത്തിലാക്കാനും ധനമന്ത്രാലയം ഇ.ഡിയെ അയച്ചതായും ഘോഷ് ആരോപിച്ചിരുന്നു.
''ഇന്നലെ പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദ എന്നെ വിളിച്ചിരുന്നു. എന്തുകൊണ്ടാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ഞാൻ എന്റെ നിലപാട് അദ്ദേഹത്തോട് വിശദീകരിച്ചിട്ടുണ്ട്. ഭാവിയിൽ ഇത്തരം പരാമർശങ്ങൾ നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു''-ദിലീപ് ഘോഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.