ന്യൂഡൽഹി: ഡൽഹിയിലെ സിംഘു അതിർത്തിയിലെത്തി േകന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നയിക്കുന്ന കർഷകർക്കൊപ്പം ചേരുമെന്ന് ദലിത് തൊഴിലാളി ആക്ടിവിസ്റ്റ് നവ്ദീപ് കൗർ. തൊഴിലാളി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജനുവരി 12ന് അറസ്റ്റിലായ നവദീപ് കൗർ വെള്ളിയാഴ്ച ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് ശേഷമായിരുന്നു പ്രതികരണം.
'അടുത്തത് എന്താണെന്ന് കുടുംബവുമായി ചർച്ചചെയ്തു. സിംഘു അതിർത്തിയിൽ പോകുകയും കർഷകർക്കൊപ്പം ഇരിക്കുകയും ചെയ്യും. നേരത്തേ ഞാൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ഭാവിയിലും നിയമവിരുദ്ധമായി ഒന്നും ചെയ്യില്ല. എന്നും ജനങ്ങൾക്കൊപ്പം നിൽക്കും' -23കാരി പറഞ്ഞു.
നവ്ദീപ് കൗറിനൊപ്പം ദലിത് ആക്ടിവിസ്റ്റായ ശിവ കുമാറിനെയും അറസ്റ്റ് ചെയ്തിരുന്നു. ശിവകുമാറിന്‍റെ അവസ്ഥ വളരെ മോശമാണെന്നും ജനുവരി 12ന് പ്രക്ഷോഭ സ്ഥലത്ത് ഇല്ലാതിരുന്നിട്ടും അവനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും നവ്ദീപ് പറഞ്ഞു. അദ്ദേഹത്തെ അറസ്റ്റ് െചയ്തതിന് ശേഷം ക്രൂരമായി മർദിച്ചു. ഉത്തരവുണ്ടായിരുന്നിട്ടുപോലും ആശുപത്രിയിലെത്തിക്കാൻ തയാറായില്ലെന്നും നവ്ദീപ് കൗർ പറഞ്ഞു.
വെള്ളിയാഴ്ചയാണ് ഒന്നരമാസത്തിന് ശേഷം നവ്ദീപിന് ജാമ്യം അനുവദിക്കുന്നത്. പഞ്ചാബ്, ഹരിയാന ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്. ഹരിയാനയിലെ കർനാൽ ജയിലിൽ കഴിയുകയായിരുന്നു അവർ. നേരത്തേ പൊലീസ് കസ്റ്റഡിയിൽവെച്ച് തന്നെ ലൈംഗികാക്രമണത്തിന് വിധേയമാക്കിയെന്ന് കൗർ ആരോപിച്ചിരുന്നു. എന്നാൽ അധികൃതർ ആരോപണം നിഷേധിക്കുകയായിരുന്നു.
ഡൽഹിയിൽ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് തുടരുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉയർന്ന കൂലി ആവശ്യപ്പെട്ട് തൊഴിലാളി പ്രക്ഷോഭം സംഘടിപ്പിച്ചതിനാണ് കൗറിനെ അറസ്റ്റ് ചെയ്തത്. ജനുവരി 12നാണ് സിംഘു അതിർത്തിയിൽ വെച്ച് നവ്ദീപ് കൗർ അറസ്റ്റ് ചെയ്യപ്പെട്ടത്. നവ്ദീപിനെ ഹരിയാന പൊലീസ് എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് വീട്ടുകാർക്കുപോലും അറിവുണ്ടായിരുന്നില്ല. പിന്നീടാണ് ഇവർ കർനാൽ ജയിലിലാണെന്ന് അറിയുന്നത്.
വധശ്രമം ഉൾപ്പെടെ കടുത്ത കുറ്റങ്ങളാണ് പൊലീസ് നവ്ദീപ് കൗറിന് മേൽ ചുമത്തിയത്. കൊള്ള, മാരകായുധങ്ങളുമായി കലാപം ചെയ്യൽ, ക്രിമിനൽ ഗൂഢാലോചന, പൊലീസിനെ ആക്രമിക്കൽ, അതിക്രമിച്ചുകടക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിരുന്നു.
നവ്ദീപ് കൗർ കുണ്ഡ്ലി വ്യവസായ മേഖലയിലെ മെറ്റൽ കട്ടിങ് ഫാക്ടറിയിലായിരുന്നു ജോലി ചെയ്തിരുന്നത്. മസ്ദൂർ അധികാർ സംഗതൻ എന്ന സംഘടനയുടെ അംഗമാണ്. സിംഘു അതിർത്തിയിൽ കർഷക പ്രക്ഷോഭം ആരംഭിച്ചതോടെ ഡിസംബറിൽ നവ്ദീപ് കൗർ പ്രക്ഷോഭത്തിൽ അണിചേർന്നു. പ്രക്ഷോഭത്തിൽ അണിചേർന്നതിനെ തുടർന്ന് നവ്ദീപിനെ ശമ്പളം പോലും നൽകാതെ തൊഴിലിൽ നിന്ന് പിരിച്ചുവിട്ടതായാണ് വിവരം.
സഹോദരി രജ്വീർ കൗർ കർനാൽ ജയിലിലെത്തി നവ്ദീപിനെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ജയിലിൽ നവ്ദീപ് നേരിട്ട ക്രൂരതകൾ പുറത്തറിഞ്ഞത്. പുരുഷ പൊലീസുകാർ ഇവരെ അതിക്രൂരമായി മർദിച്ചിരുന്നു. ലൈംഗികാതിക്രമവും പൊലീസിൽ നിന്ന് നേരിട്ടു. സ്വകാര്യ ഭാഗങ്ങളിൽ നവ്ദീപിന് പരിക്കേറ്റിരുന്നതായി സഹോദരി പറയുന്നു. മെഡിക്കൽ റിപ്പോർട്ടിൽ ലൈംഗികാതിക്രമം സ്ഥിരീകരിക്കുന്നതായി ഇവരുടെ അഭിഭാഷകൻ പറഞ്ഞു.
വീട്ടിലെ സാമ്പത്തിക സാഹചര്യം മെച്ചപ്പെടുത്തുന്നതോടൊപ്പം തന്‍റെ തുടർപഠനം കൂടി ലക്ഷ്യമിട്ടാണ് നവ്ദീപ് കൗർ ജോലി ആരംഭിച്ചത്. തൊഴിൽ സ്ഥലത്തെ വിവേചനങ്ങൾക്കും തൊഴിൽ പീഡനങ്ങൾക്കും വേതനക്കുറവിനെതിരെയും നവ്ദീപ് നിരന്തരം ശബ്ദമുയർത്തിയിരുന്നു.
സിംഘുവിലെ സമരകേന്ദ്രത്തിൽ വെച്ച് നവ്ദീപ് കൗർ സംസാരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കർഷക പ്രക്ഷോഭത്തോടൊപ്പം തൊഴിലാളികൾ അണിനിരക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചാണ് നവ്ദീപ് സംസാരിച്ചത്. സർവമേഖലകളും സ്വകാര്യവത്കരിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവും ഉയർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.