ഇത് ബനാന റിപ്പബ്ലിക് അല്ല; ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ ബംഗാൾ സർക്കാരിന് ഗവർണറുടെ മുന്നറിയിപ്പ്

കൊൽക്കത്ത: പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെ നടന്ന ആക്രമണത്തിൽ മുന്നറിയിപ്പുമായി ഗവർണർ സി.വി. ആനന്ദ ബോസ്. ഭയപ്പെടുത്തുന്നതും പരിതാപകരവും ക്രൂരവുമായ സംഭവമാണ് നടന്നതെന്നും ബംഗാൾ ഒരു ബനാന റിപ്പബ്ലിക് അല്ലെന്നും ഗവർണർ പറഞ്ഞു. ഇത്തരം ക്രൂരമായ നടപടികളിൽ നിന്ന് സർക്കാർ പിൻമാറണമെന്നും താക്കീതിന്റെ സ്വരത്തിൽ ആനന്ദ ബോസ് ആവശ്യപ്പെട്ടു. 

മമത ബാനർജി സർക്കാർ അടിസ്ഥാന കടമകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടാൽ ഇന്ത്യൻ ഭരണഘടന അതിന്റെ വഴിക്ക് പോകുമെന്ന് അദ്ദേഹം ഓർമപ്പെടുത്തി. ഭയപ്പെടുത്തുന്ന രീതിയിലുള്ള അക്രമമാണ് നടന്നത്. ഇത് ഭയാനകവും അപലപനീയവുമാണ്. ഇത്തരം ക്രൂരമായ അക്രമങ്ങൾ തടയുക എന്നത് സർക്കാരിന്റെ ജോലിയാണ്. ജനാധിപത്യത്തെ തകർക്കുന്ന സംഭവമാണിത്. ഉചിതമായ നടപടിക്കായി എന്റെ എല്ലാ ഭരണഘടനാ ഓപ്ഷനുകളും ഞാൻ കരുതിവച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പുള്ള ഈ അക്രമം നേരത്തെ തന്നെ അവസാനിപ്പിക്കണം. അവസാനത്തിന്റെ തുടക്കമാണ്. ഇത് അവസാനത്തേതായിരിക്കണം. -ഗവർണർ പറഞ്ഞു.

നോർത്ത് 24 പർഗാന ജില്ലയിലാണ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ അതിക്രമം നടന്നത്. റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയതായിരുന്നു എൻഫോഴ്സ്മെന്റ് സംഘം. തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിലാണ് ഇ.ഡി സംഘം റെയ്ഡിനെത്തിയത്. പ്രദേശത്തെ 200ഓളം പേർ വരുന്ന സംഘം ഇ.ഡി ഉദ്യോഗസ്ഥരേയും അർധ സൈനിക വിഭാഗത്തേയും വളയുകയായിരുന്നു. ഇ.ഡി ഉദ്യോഗസ്ഥർ എത്തിയ വാഹനങ്ങൾ ആൾക്കൂട്ടം തകർത്തു.

അതേസമയം, ആക്രമണത്തിൽ ആർക്കെങ്കിലും പരിക്കേറ്റോയെന്നത് സംബന്ധിച്ച് വ്യക്തതയില്ല.പശ്ചിമബംഗാളിൽ റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് മാസങ്ങളായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരുകയാണ്. ബംഗാളിലെ ജനങ്ങൾക്ക് നൽകേണ്ട റേഷൻവിഹിതത്തിൽ 30 ശതമാനത്തോളം വകമാറ്റി ഓപ്പൺ മാർക്കറ്റിൽ വിറ്റുവെന്ന ആരോപണത്തിലാണ് ഇ.ഡി അന്വേഷണം പുരോഗമിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ മന്ത്രി ജ്യോതി പ്രിയോ മല്ലിക് അറസ്റ്റിലായിരുന്നു. കള്ള​പ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. 2011 മുതൽ 2021 വരെ ജ്യോതി പ്രിയ മല്ലിക്കായിരുന്നു പശ്ചിമബംഗാളിലെ ഭക്ഷ്യമന്ത്രി. ഇക്കാലയളവിലാണ് റേഷൻ അഴിമതി നടന്നതെന്ന് ഇ.ഡി പറയുന്നു.

Tags:    
News Summary - Not banana republic': Bengal governor's warning to TMC govt on ED attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.