തമിഴകത്ത് കാലവര്‍ഷം തുടങ്ങി

ചെന്നൈ: തമിഴ്നാട്ടില്‍ വടക്കുകിഴക്കന്‍ കാലവര്‍ഷത്തിന് തുടക്കം കുറിച്ച് തഞ്ചാവൂര്‍ ജില്ലയിലെ തിരുവായൂരില്‍ ഏഴു സെന്‍റിമീറ്റര്‍ മഴ പെയ്തു.  ഇതിനു പിന്നാലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാനത്ത് കാലവര്‍ഷം തുടങ്ങിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചെന്നൈ റീജനല്‍ ഡയറക്ടര്‍ ബാലചന്ദ്രന്‍ അറിയിച്ചു. ഞായറാഴ്ച സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ രേഖപ്പെടുത്തി. ചെന്നൈ കാമരാജ് സാലയില്‍ നാലു സെന്‍റിമീറ്റര്‍ മഴ രേഖപ്പെടുത്തി. കടലൂര്‍, തിരുവാരൂര്‍, പെരമ്പലൂര്‍, തിരുച്ചിറപ്പള്ളി ജില്ലകളില്‍ ആറു സെന്‍റിമീറ്റര്‍ മഴ പെയ്തു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് തമിഴ്നാടിന്‍െറ തീരദേശ ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ നല്ല മഴ ലഭിക്കും. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ തുടങ്ങുന്ന വടക്കുകിഴക്കന്‍ മണ്‍സൂണിലാണ്  സംസ്ഥാനത്തെ കര്‍ഷകരുടെ പ്രതീക്ഷ. ഇക്കാലയളവില്‍ തടാകങ്ങളിലും അണക്കെട്ടുകളിലും സംഭരിക്കുന്ന വെള്ളമാണ് ഒരു വര്‍ഷക്കാലം കുടിവെള്ളത്തിനും  കൃഷിക്കും പ്രയോജനപ്പെടുന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, കടലൂര്‍ ജില്ലകളിലെ വെള്ളപ്പൊക്കത്തില്‍ അറുനൂറോളം പേര്‍ മരിക്കുകയും കോടികളുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറില്‍ നൂറ്റാണ്ടിലെ മഴയില്‍ ചെന്നൈ മുങ്ങിയിരുന്നു. കാലവര്‍ഷത്തിന് മുന്നോടിയായി വിവിധ തലങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

Tags:    
News Summary - North east monsoon sets in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.