ഡൽഹിയിലെ മലയാളി പ്രവാസികൾക്ക് നോർക്ക ഐ.ഡി കാർഡും ഇൻഷൂറൻസും

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രവാസി മലയാളികള്‍ക്കായി നോര്‍ക്ക ഐ.ഡി കാര്‍ഡ് - നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ നടത്താന്‍ ആഗ്രഹിക്കുന്ന മലയാളി സംഘടനകള്‍ക്ക് 011-23360350 എന്ന നമ്പരില്‍ ബന്ധപ്പെടാമെന്ന് കേരള ഹൗസ് ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു.

വാട്ട്‌സ്ആപ്പ് വഴി ബന്ധപ്പെടാന്‍ 9310443880 എന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിക്കാം. പുതിയ കാര്‍ഡ് എടുക്കുന്നതിനും പഴയതു പുതുക്കുന്നതിനുള്ള പ്രത്യേക ക്യാമ്പ് കേരള ഹൗസില്‍ നടത്തുന്നുണ്ടെന്നും ഡല്‍ഹി എന്‍.ആര്‍.കെ ഡവലപ്മെന്റ് ഓഫീസര്‍ ജെ.ഷാജിമോന്‍ അറിയിച്ചു.

പൊതു അവധി ദിനങ്ങളായ സെപ്തംബര്‍ 30, ഒക്ടോബര്‍ 1, 2 തീയതികളില്‍ രാവിലെ ഒൻപത് മുതല്‍ രാത്രി എട്ടുവരെ കോണ്‍ഫറന്‍സ് ഹാളിലാണ് ക്യാംപ്. കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറില്‍ അംഗത്വമെടുക്കാനും ഈ ക്യാമ്പിൽ അവസരമുണ്ടാകും. രണ്ടു വര്‍ഷത്തിലധികമായി കേരളത്തിനു പുറത്ത് താമസിക്കുന്ന, നോര്‍ക്ക റൂട്ട്സ് ഐ.ഡി കാര്‍ഡ് ഉള്ള പ്രവാസികള്‍ക്കാണ് നോര്‍ക്ക കെയര്‍ പദ്ധതി

രോഗാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളോടെ അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയുമാണ് നോര്‍ക്ക കെയര്‍ വഴി ലഭ്യമാക്കുന്നത്. ഇന്ത്യയിലുടനീളം 16,000-ത്തിലധികം ആശുപത്രികളില്‍ ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാക്കുന്ന നോര്‍ക്ക കെയറില്‍ നിലവിലുളള രോഗങ്ങള്‍ക്കും പരിരക്ഷ ഉറപ്പാക്കാനാകും. 18 മുതല്‍ 70 വയസ്സുവരെയുള്ളവര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ സാധിക്കുക.

നോര്‍ക്ക ഐഡി കാര്‍ഡിന് ഒരാള്‍ക്ക് 408 രൂപയും നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സിന് ഭര്‍ത്താവ്, ഭാര്യ രണ്ടു കുട്ടികള്‍ എന്നിവരുള്‍പ്പെടുന്ന കുടുംബത്തിന് 13,411 രൂപയും വ്യക്തിയ്ക്ക് 8,101 രൂപയുമാണ് ഫീസ്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് നിലവില്‍ വരുന്ന നോര്‍ക്ക കെയര്‍ പദ്ധതിയില്‍ ചേരുന്നതിനുള്ള അവസാനതീയതി ഒക്ടോബര്‍ 21 ആണ്.

Tags:    
News Summary - NORKA ID card and insurance for Malayali expatriates in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.