ജന്തർ മന്തർ പ്രതിഷേധം; വിദ്യാർഥിക്കെതിരായ ‘സമാധാന ബോണ്ട്’ നടപടി നോയിഡ പൊലീസ് റദ്ദാക്കി
ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധത്തിൽ പങ്കെടുത്തെന്നാരോപിച്ച് ഗൗതം ബുദ്ധ യൂനിവേഴ്സിറ്റിയിലെ വിദ്യാർത്ഥിക്ക് നനോയിഡ പൊലീസ് അയച്ച അഞ്ച് ലക്ഷം രൂപയുടെ സമാധാന ബോണ്ട് നോട്ടീസ് വിവാദമായതിനെ തുടർന്ന് പിൻവലിച്ചു. പ്രയാഗ്‌രാജ് സ്വദേശിയും നിലവിൽ നോയിഡ ഇക്കോടെക്-1 മേഖലയിൽ താമസക്കാരനുമായ അക്ഷത് ത്രിപാഠി എന്ന വിദ്യാർഥിക്കെതിരെയാണ് പൊലീസ് നോട്ടീസ് അയച്ചിരുന്നത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷൻ 130 പ്രകാരമാണ് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ്, കോടതി വഴി നോട്ടീസ് പുറപ്പെടുവിച്ചത്.
ക്യാമ്പസിൽ മറ്റ് കുട്ടികളെ പ്രകോപിപ്പിക്കുകയും സർക്കാരിനെതിരെ പ്രചാരണങ്ങൾ നടത്തുകയും ചെയ്തു എന്ന സബ് ഇൻസ്പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ആറ് മാസത്തേക്ക് സമാധാനം നിലനിർത്തുന്നതിനായി അഞ്ച് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുക ഉറപ്പുനൽകാൻ കഴിയുന്ന രണ്ട് പ്രാദേശിക ജാമ്യക്കാരെയും ഹാജരാക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ, സമാധാനപരമായാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും യൂനിവേഴ്സിറ്റിക്ക് മൂന്ന് മാസത്തോളമായി അവധിയായതിനാൽ ക്ലാസുകളിൽ താൻ പങ്കെടുത്തിരുന്നില്ലെന്നും അക്ഷത് വ്യക്തമാക്കി. ജൂലൈ 20ന് പാർലമെന്റിലേക്ക് നടന്ന മാർച്ചിനിടെ ഡൽഹി പൊലീസിന്റെ നടപടിയിൽ തനിക്ക് പരിക്കേറ്റിരുന്നതായും വിദ്യാർഥി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
സെപ്റ്റംബർ ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സി.ജെ.പി പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവർക്ക് നിയമനടപടികളിൽ നിന്ന് പൂർണമായ പരിരക്ഷയുണ്ടെന്ന് സാമൂഹിക പ്രവർത്തകനായ സൗരവ് ദാസ് ചൂണ്ടിക്കാണിച്ചു. വിദ്യാർഥിയെ ലക്ഷ്യം വെച്ചുള്ള ഈ നടപടിക്കെതിരെ രാജ്യവ്യാപമായി പ്രതിഷേധമുണ്ടായതിന് പിന്നാലെയാണ് നോട്ടീസ് പിൻവലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.