'ഭീരുവെന്ന് വിളിപ്പിക്കില്ല': 4 മാസത്തിനിടെ 23 വധശിക്ഷാ വിധികൾ പുറപ്പെടുവിച്ച് ജഡ്ജി

കാൻപൂർ: "ഭീരുവായ ജഡ്ജിയെന്ന് വിളിപ്പിക്കുന്നതിനേക്കാൾ മരിക്കാനാണ് എനിക്കിഷ്ടം", നാല് മാസത്തിനിടെ 23ാമത്തെ വധ ശിക്ഷപ്രഖ്യാപിച്ച്  ഉത്തർപ്രദേശിലെ മുസാഫർനഗർ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജിയായ രവികുമാർ ദിവാകർ പറഞ്ഞത് ഇങ്ങനെയാണ്. സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ തീകൊളുത്തിക്കൊന്ന കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള തന്റെ ഏറ്റവും പുതിയ വിധിന്യായത്തിലാണ് മാഫിയകളുടെയോ ഗ്യാങ്സ്റ്ററുകളുടെയോ ക്രിമിനലുകളുടെയോ സമ്മർദ്ദത്തിന് വഴങ്ങി താൻ ജുഡീഷ്യൽ ചുമതലകൾ നിർവഹിക്കില്ലെന്ന് ഈ ഫാസ്റ്റ് ട്രാക്ക് ജഡ്ജി വ്യക്തമാക്കിയത്.

തിങ്കളാഴ്ച വിധിച്ച കേസിൽ, പ്രതിയായ നദീമിനെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) 302, 504 വകുപ്പുകൾ പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 1 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തതായി സർക്കാർ അഭിഭാഷകൻ കുൽദീപ് കുമാർ അറിയിച്ചു. 2018 ജൂലൈ 23ന് ഷാപൂർ പട്ടണത്തിൽ വെച്ച് സ്ത്രീധനം ആവശ്യപ്പെട്ട് നദീം ഭാര്യ ഷെഹ്സാദിയെ (23) തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു എന്നതാണ് കേസ്. ഗുരുതരാവസ്ഥയിലായ ഷെഹ്സാദിയെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. മരണത്തിന് തൊട്ടുമുമ്പ് നൽകിയ മൊഴിയിൽ നദീം ആണ് തന്നെ തീകൊളുത്തിയതെന്ന് ഷെഹ്സാദി മൊഴി നൽകി‍യിരുന്നു.

വിചാരണ വേളയിൽ പ്രോസിക്യൂഷന്‍റെ 11 സാക്ഷികളും സ്വാധീനിക്കപ്പെട്ട് മൊഴി മാറ്റിയെങ്കിലും ഷെഹ്സാദിയുടെ മരണമൊഴി അടിസ്ഥാനമാക്കിയാണ് കോടതി നദീമിനെ കുറ്റക്കാരനായി കണ്ടെത്തിയത്. കൊലപാതകം "ഏറ്റവും ക്രൂരവും നിഷ്ഠൂരവുമാണെന്ന്" വിശേഷിപ്പിച്ച കോടതി ഇത് "അപൂർവങ്ങളിൽ അപൂർവമായ" ഗണത്തിൽപ്പെടുന്ന കേസാണെന്നും വധശിക്ഷക്ക് അർഹമാണെന്നും വ്യക്തമാക്കി.

താൻ ജുഡീഷ്യൽ കസേരയിൽ ഇരിക്കുന്നിടത്തോളം കാലം തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം തനിക്കാണെന്നും ജഡ്ജ് തന്റെ വിധിയിൽ കുറിച്ചു. തനിക്ക് ഭീഷണികൾ ലഭിക്കുന്നുണ്ടെന്നും, മാഫിയകൾക്കും ക്രിമിനലുകൾക്കും ലാഭമുണ്ടാക്കാനായി തന്‍റെ കോടതിയിൽ നിന്ന് 100 ഓളം ഗുരുതരമായ കേസുകൾ പിൻവലിച്ചതായും ജഡ്ജി ആരോപിച്ചു.

Tags:    
News Summary - Judge hands down 23 death sentences in four months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.