പാറ്റ ശല്യം ഉൾപ്പെടെ ഗുരുതര വീഴ്ചകൾ; റെയിൽവേയിൽ ഭക്ഷണം നൽകുന്ന 20 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി
മുംബൈ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് മഹാരാഷ്ട്രയിൽ 20 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മുംബൈയിലെ ആറ്, കൊങ്കൺ ഡിവിഷനിലെ മൂന്ന്, പൂനെ ഡിവിഷനിലെ 11 സ്ഥാപനങ്ങൾക്കെതിരെയാണ് സംസ്ഥാന ഭക്ഷ്യ-ഔഷധ ഭരണകൂടം (എഫ്.ഡി.എ) നടപടി സ്വീകരിച്ചത്. റെയിൽവേ യാത്രക്കാർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ബേസ് കിച്ചണുകളിലും ഫുഡ് പ്ലാസകളിലും പരിശോധന നടപടിയുടെ ഭാഗമായിരുന്നു.
റെയിൽവേ കാറ്ററിങ് സേവനത്തിന് കീഴിൽ യാത്രക്കാർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന അഞ്ച് ബേസ് കിച്ചണുകളിലും ഫുഡ് പ്ലാസകളിലും പരിശോധന നടത്തിയതായി എഫ്.ഡി.എ അറിയിച്ചു. ഗുരുതരമായ പാറ്റ ശല്യം, വൃത്തിഹീനമായ രീതിയിൽ ഭക്ഷണം കൊണ്ടുപോകൽ, ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാരുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ചകൾ തുടങ്ങിയവ കണ്ടെത്തിയതിനെ തുടർന്ന് മുംബൈയിലെ ഹോട്ടൽ-കാറ്ററിങ് സ്ഥാപനത്തിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. നാല് സ്ഥാപനങ്ങൾക്ക് മെച്ചപ്പെടുത്തൽ നോട്ടീസും നൽകി.
ജുഹുവിലെ മതസംഘടന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന മൂന്ന് ഭക്ഷണശാലകളുടെ ലൈസൻസും സസ്പെൻഡ് ചെയ്തിട്ടുണ്ട്. പാറ്റ ശല്യം, അടഞ്ഞുകിടന്ന അഴുക്കുചാലുകൾ, നിർബന്ധമാക്കിയ ജലഗുണനിലവാര പരിശോധന നടത്താത്തത്, ഉപയോഗിക്കുന്ന പാചക എണ്ണ സംബന്ധിച്ച ആവശ്യമായ രേഖകളുടെ അഭാവം തുടങ്ങിയ വീഴ്ചകൾ കണ്ടെത്തിയതായി എഫ്.ഡി.എ വ്യക്തമാക്കി.
ഖാർഘറിലെ ക്ഷീരസംസ്കരണ സ്ഥാപനത്തിലും ഗുരുതര വീഴ്ചകൾ കണ്ടെത്തി. പാസ്ചറൈസേഷൻ സൗകര്യമില്ലാതിരുന്നതും പാക്കേജുചെയ്യാത്ത പാലിന്റെ ലേബലിങ്ങുമായി ബന്ധപ്പെട്ട ക്രമക്കേടുകളും ചൂണ്ടിക്കാട്ടി സ്ഥാപനത്തിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ആവശ്യമായ അനുമതികളില്ലാതെ വൃത്തിഹീനമായ നിർമാണ യൂണിറ്റ് പ്രവർത്തിപ്പിച്ച മധുരപലഹാരശാലക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
പാറ്റ ശല്യം, പാലുൽപ്പന്നങ്ങൾ സുരക്ഷിതമായ താപനിലയിൽ സൂക്ഷിക്കാത്തത്, കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളുടെ വിൽപന, വൃത്തിഹീനമായ അഴുക്കുചാൽ സംവിധാനം തുടങ്ങിയ വീഴ്ചകൾ കണ്ടെത്തിയ ചില ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്കെതിരെയും നടപടിയുണ്ടായിട്ടുണ്ട്. ബിരിയാണി കേന്ദ്രത്തിന്റെയും ബേക്കറിയുടെയും ലൈസൻസും സസ്പെൻഡ് ചെയ്തു. എഫ്.എസ്.എസ്.എ.ഐ ലൈസൻസില്ലാതെ പ്രവർത്തിച്ച ഒരു വെജിറ്റേറിയൻ റസ്റ്ററന്റിന് പ്രവർത്തനം നിർത്തിവെക്കാനുള്ള ഉത്തരവും നൽകിയിട്ടുണ്ട്.
‘സേഫ് ഫുഡ്, സേഫ് മെഡിസിൻ, സേഫ് മഹാരാഷ്ട്ര’ പ്രചാരണത്തിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കിയതായി എഫ്.ഡി.എ അറിയിച്ചു. ഭക്ഷണത്തിലെ മായം, കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളുടെ വിൽപന, വൃത്തിഹീനമായ ഭക്ഷണശാലകളുടെ പ്രവർത്തനം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും പൊതുജനങ്ങളോട് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.